ബിഡിജെഎസുമായി ബന്ധമില്ല: കെപിഎംഎസ്

കൊല്ലം: ബിഡിജെഎസ് എന്ന രാഷ്ട്രീയപ്പാര്‍ട്ടിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് കെപിഎംഎസ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സാമ്പത്തിക സംവരണവാദം ഉന്നയിക്കുന്ന എസ്എന്‍ഡിപി നേതൃത്വവുമായി ചേര്‍ന്ന് രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിക്കുന്നതിന് കെപിഎംഎസിന്റെ ഒരു ഘടകവും തീരുമാനിച്ചിട്ടില്ല. രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരണം സംഘടനയുടെ നിയമാവലിക്ക് വിരുദ്ധമാണ്. സ്വാര്‍ഥതാല്‍പര്യത്തിനും സാമ്പത്തികലാഭത്തിനും വേണ്ടി സംഘടനയെ ദുരുപയോഗം ചെയ്തതിനും സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിന്റെ പേരിലും ഭാരവാഹികളായിരുന്ന എന്‍ കെ നീലകണ്ഠന്‍മാസ്റ്റര്‍, ടി വി ബാബു, തുറവൂര്‍ സുരേഷ് എന്നിവരെ കെപിഎംഎസില്‍ നിന്നു പുറത്താക്കിയതാണെന്നും സംസ്ഥാന പ്രസിഡന്റ് മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസരംഗത്തെ ദലിത് പീഡനങ്ങള്‍ അവസാനിപ്പിക്കണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യ ഭരണകൂട കൊലപാതകമാണ്. രോഹിതിന്റെ ആത്മഹത്യയില്‍ പങ്കുള്ള കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, ബന്ദാരു ദത്താത്രേയ തുടങ്ങിയവരെ അറസ്റ്റ് ചെയ്യണമെന്നും കെപിഎംഎസ് ആവശ്യപ്പെട്ടു. പട്ടികജാതി ലിസ്റ്റ് വിപുലീകരിക്കാനുള്ള കേന്ദ്രനീക്കത്തിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കും. ജനസംഖ്യാനുപാതികമായി സംവരണം വര്‍ധിപ്പിക്കണമെന്നും സ്വകാര്യമേഖലയിലെ സംവരണം ഉടനടി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് വിവിധ പട്ടികജാതി സംഘടനകളുമായി ചേര്‍ന്ന് യോജിച്ച പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം വിനോദ്, ഭാരവാഹികളായ എ കെ ദാമോദരന്‍, കെ തങ്കപ്പന്‍, കെ എന്‍ സുരേന്ദ്രന്‍, വെളിയം അശോകന്‍, പ്രഫ. രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it