ബിടെക് മുല്യനിര്‍ണയം: ടെക്‌നിക്കല്‍ സര്‍വകലാശാല നടപടി വിവാദത്തില്‍

തേഞ്ഞിപ്പലം: സംസ്ഥാനത്തെ മുഴുവന്‍ എന്‍ജിനീയറിങ് കോളജുകളും ടെക്‌നിക്കല്‍ സര്‍വകലാശാലയ്ക്കു കീഴിലേക്കു മാറ്റിയശേഷം ആദ്യമായി നടത്തിയ ബിടെക് ആദ്യ സെമസ്റ്റര്‍ പരീക്ഷയുടെ മൂല്യനിര്‍ണയ നടപടികള്‍ക്കെതിരേ ആരോപണങ്ങളും വിവാദങ്ങളും ഉയരുന്നു.
കഴിഞ്ഞ ഡിസംബറില്‍ നടത്തേണ്ടിയിരുന്ന പരീക്ഷ വിവാദങ്ങളെ തുടര്‍ന്നായിരുന്നു ജനുവരി ആദ്യവാരത്തില്‍ തുടങ്ങിയത്. ബംഗളൂരു ആസ്ഥാനമായ സ്വകാര്യ ഐടി സോഫ്റ്റ്‌വെയര്‍ കമ്പനിയെ പരീക്ഷാ-മൂല്യനിര്‍ണയ ചുമതല ഏല്‍പിച്ചതിനെതിരേ പ്രതിഷേധമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പരീക്ഷ മാറ്റിവയ്പ്പിക്കുകയായിരുന്നു. ഇപ്പോള്‍ പരീക്ഷ അവസാനിച്ചെങ്കിലും മുഴുവന്‍ നിയമങ്ങളും കാറ്റില്‍പറത്തിയാണ് മൂല്യനിര്‍ണയം നടത്തിക്കൊണ്ടിരിക്കുന്നത്. കാലിക്കറ്റ് ഉള്‍പ്പെടെയുള്ള സര്‍വകലാശാലകള്‍ ചുരുങ്ങിയത് രണ്ടുവര്‍ഷം അധ്യാപന പരിചയമുള്ളവരെയായിരുന്നു ബിടെക് ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയ ചുമതല ഏല്‍പിച്ചിരുന്നത്. എന്നാല്‍, ടെക്‌നിക്കല്‍ സര്‍വകലാശാലയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്ത് മുഴുവന്‍ അധ്യാപകരേയും പരിചയം നോക്കാതെയാണ് മൂല്യനിര്‍ണയ ചുമതല ഏല്‍പിച്ചിരിക്കുന്നത്. എന്‍ജിനീയറിങ് കോളജ് അധ്യാപകരെല്ലാം ടെക്‌നിക്കല്‍ സര്‍വകലാശാലയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന നിര്‍ദേശത്താല്‍ സ്വാശ്രയ കോളജുകളിലെ ഗസ്റ്റ് അധ്യാപകരെല്ലാം തന്നെ സ്ഥിരാധ്യാപകരാണെന്ന നിലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇവര്‍ക്കെല്ലാം ലോഗ്ഇന്‍ ഐഡിയും പാസ്‌വേഡും സര്‍വകലാശാല നല്‍കിയിട്ടുണ്ട്. ഇവരില്‍ പലരും എന്‍ജിനീയറിങ് കോളജുകളില്‍ നിന്ന് മറ്റ് ജോലികളിലേക്കു മാറിപ്പോവുമ്പോള്‍ പുതുതായി വരുന്നവര്‍ വീണ്ടും സര്‍വകലാശാലയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരുന്നുണ്ട്. ഇത്തരത്തില്‍ ഒരു മാസം പോലും ക്ലാസെടുത്തു പരിചയമില്ലാത്തവരും സ്വന്തം വിഷയത്തില്‍ അവഗാഹമില്ലാത്തവരുമായ അധ്യാപകരെയാണ് ടെക്‌നിക്കല്‍ സര്‍വകലാശാല നേരിട്ട് മൂല്യനിര്‍ണയ ജോലികള്‍ക്ക് ഏല്‍പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളജുകളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ തിരുവനന്തപുരം ആസ്ഥാനമായി തിടുക്കപ്പെട്ട് തട്ടിക്കൂട്ടിയ ടെക്‌നിക്കല്‍ സര്‍വകലാശാല തുഗ്ലക്ക് പരിഷ്‌കാരങ്ങള്‍ നടപ്പാക്കി വിദ്യാര്‍ഥികളുടെ ഭാവി അവതാളത്തിലാക്കുകയാണു ചെയ്യുന്നത്. ചുരുങ്ങിയത് രണ്ടുവര്‍ഷമെങ്കിലും സ്ഥിരമായി ഒരു കോളജില്‍ ക്ലാസെടുക്കുന്ന അധ്യാപകരെ കൊണ്ട് മൂല്യനിര്‍ണയം നടത്തിക്കണമെന്നാണ് അധ്യാപക-വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ആവശ്യമുന്നയിക്കുന്നത്. ഇതല്ലെങ്കില്‍ സമരവുമായി രംഗത്തുവരുമെന്നും അവര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it