Flash News

ബിജെപി ഹര്‍ത്താല്‍ ഭാഗികം : സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം



തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി ഓഫിസില്‍ പെട്രോള്‍ ബോംബ് ആക്രമണം നടന്നതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ഭാഗികം. ഹര്‍ത്താലിനോട് അനുബന്ധിച്ച് ബിജെപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സെക്രേട്ടറിയറ്റിനു മുമ്പിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ വഴിയോരങ്ങളില്‍ സ്ഥാപിച്ച എല്‍ഡിഎഫിന്റെ കൊടികളും സര്‍ക്കാരിന്റെ നൂറുദിനാഘോഷത്തോട് അനുബന്ധിച്ച് സ്ഥാപിച്ച ബോര്‍ഡുകളും നശിപ്പിച്ചു. നഗരത്തില്‍ തുറന്നു പ്രവര്‍ത്തിച്ച കടകള്‍ പൂട്ടിച്ചു. സ്റ്റാച്യൂവിലെ കനറാ ബാങ്കിനു മുമ്പിലും ബിജെപി പ്രവര്‍ത്തകരെത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. പൂട്ടിക്കിടന്ന ബാങ്കിനുള്ളില്‍ ജീവനക്കാരുണ്ടെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. രാവിലെ 6 മുതല്‍ വൈകീട്ട് 6 വരെ നടത്തിയ ഹര്‍ത്താല്‍ ദീര്‍ഘദൂര യാത്രികരെ വലച്ചു. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു. സീതാറാം യെച്ചൂരിക്കില്ലാത്ത പരാതിയാണ് കേരളത്തിലെ നേതാക്കള്‍ക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, ബുധനാഴ്ച രാത്രി 8.30ഓടെ ബിജെപി ഓഫിസിനു നേര്‍ക്ക് നടത്തിയ ആക്രമണത്തില്‍പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണ സമയത്ത് സിസിടിവി പ്രവര്‍ത്തനരഹിതമായിരുന്നു. സമാനമായ സാഹചര്യത്തില്‍ മുമ്പും ബിജെപി ഓഫിസില്‍ ആക്രമണം നടന്നിരുന്നു. അപ്പോഴും ഓഫിസില്‍ പ്രവര്‍ത്തകര്‍ ആരുമില്ലാതിരിക്കുകയും സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാവാതിരിക്കുകയും ചെയ്തിരുന്നു. യെച്ചൂരിയുടെ നേര്‍ക്കുള്ള ആക്രമണത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി കെട്ടിച്ചമച്ച ആരോപണമാണിതെന്ന് സിപിഎം പ്രതികരിച്ചിരുന്നു.
Next Story

RELATED STORIES

Share it