ബിജെപി സ്വതന്ത്രന് പിന്തുണ; എന്‍എസ്എസ് കരയോഗം പിരിച്ചുവിട്ടു

ചങ്ങനാശ്ശേരി: ബിജെപി സ്വതന്ത്രനായി മല്‍സരിക്കുന്ന മുന്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍ക്ക് പിന്തുണ നല്‍കിയതിനെ തുടര്‍ന്ന് കരയോഗം എന്‍എസ്എസ് നേതൃത്വം പിരിച്ചുവിട്ടു. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ കരയോഗമായ ചങ്ങനാശ്ശേരി വാഴപ്പള്ളി കിഴക്ക് കരയോഗമാണ് പിരിച്ചുവിട്ടത്. തുടര്‍ന്ന് ഇവിടെ അഡ്‌ഹോക്ക് കമ്മിറ്റിയും രൂപീകരിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 32ാം വാര്‍ഡായ മഞ്ചാടിക്കരയില്‍ നിന്ന് മല്‍സരിച്ചു വിജയിച്ച അഡ്വ. മധുരാജിന് ഇത്തവണ സീറ്റു ലഭിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് നഗരസഭയിലെ മൂന്നാം വാര്‍ഡായ പൂവക്കാട്ടുചിറയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം പത്രിക സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പത്രിക പിന്‍വലിക്കേണ്ട അവസാന ദിവസമായപ്പോള്‍ ഇവിടെ നിര്‍ത്തിയിരുന്ന സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് അഡ്വ. മധുരാജിന് ബിജെപി പിന്തുണ പ്രഖ്യാപിക്കുകയും തുടര്‍ന്ന് ബിജെപി സ്വതന്ത്രനായി പ്രചാരണവും ആരംഭിച്ചു.
ഇതിന്റെ തുടര്‍ച്ചയെന്നോണം കരയോഗം അംഗമെന്ന നിലയില്‍ വാഴപ്പള്ളി കിഴക്ക് കരയോഗം കൂടി ഇദ്ദേഹത്തിനു പിന്തുണ നല്‍കി. എന്നാല്‍ പ്രസിഡന്റ് അറിയാതെയാണ് ഇവിടെ യോഗം കൂടിയതും ബിജെപി സ്ഥാനാര്‍ഥിക്ക് പിന്തുണ നല്‍കിയതെന്നും പറയുന്നു. സംഭവം പുറത്തറിഞ്ഞ ഉടന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് പിന്തുണ നല്‍കാനുള്ള കരയോഗ തീരുമാനത്തിനെതിരേ നേതൃത്വം നിലപാടു സ്വീകരിക്കുകയും കരയോഗം പിരിച്ചുവിടുകയുമായിരുന്നു.
തുടര്‍ന്ന് ഒരു സ്ഥാനാര്‍ഥിക്കും എന്‍എസ്എസിന്റെ പിന്തുണയില്ലെന്നും പ്രഖ്യാപിച്ചു. ഇവിടെ എല്‍ഡിഎഫിലെ കെ ടി തോമസും യുഡിഎഫിലെ സെബാസ്റ്റ്യന്‍ മാത്യു മണമേലുമാണ് മറ്റു സ്ഥാനാര്‍ഥികള്‍.
Next Story

RELATED STORIES

Share it