ബിജെപി സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചയ്ക്കകം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ഥി പട്ടിക ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. എല്ലാ ജില്ലകളിലെയും മണ്ഡലം തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഭാരവാഹികളോട് മൂന്ന് പേരുകള്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് കൈമാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുപ്രകാരം 12 ജില്ലകളിലെ പ്രവര്‍ത്തനം പൂര്‍ത്തിയായി. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പരിഗണനയിലുള്ളവരുടെ പട്ടിക ഇന്ന് തയ്യാറാവും.
140 മണ്ഡലങ്ങളിലും പ്രവര്‍ത്തകരുടെ അഭിപ്രായം തേടും. മാര്‍ച്ച് രണ്ടിന് ചേരുന്ന ബിജെപിയുടെ കോര്‍ ഗ്രൂപ്പ് മണ്ഡലങ്ങളില്‍ നിന്നു ലഭിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക പരിശോധിക്കും. ഇതിനുശേഷം തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന് അന്തിമ പട്ടിക അംഗീകാരത്തിനായി സമര്‍പ്പിക്കും. അന്തിമ പട്ടികയില്‍ ഒരു മണ്ഡലത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയുടെ പേര് മാത്രമായിരിക്കുമുണ്ടാവുകയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രത്തില്‍ നിന്ന് അനുമതി ലഭിക്കുന്നതോടെ ഒരാഴ്ചയ്ക്കകം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിക്കും. എന്‍ഡിഎ സഖ്യസംവിധാനം അനുസരിച്ച് വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്. കഴിഞ്ഞ ദിവസം തിരുവല്ലയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു. ബിഡിജെഎസും ബിജെപിയുമായി യാതൊരു തര്‍ക്കവുമില്ല. ബിജെപിയുമായുള്ള സഖ്യം സംബന്ധിച്ച് ബിഡിജെഎസില്‍ താഴേത്തട്ടിലുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. രണ്ടുദിവസത്തിനുള്ളില്‍ അവര്‍ തീരുമാനം അറിയിക്കും. അതിനുശേഷം ബിജെപിയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടക്കും.
ഈമാസം 19ന് ചേര്‍ന്ന ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ച പ്രമേയം ബിജെപിയുമായി യോജിക്കാമെന്നാണ്. മാര്‍ച്ച് നാലിന് ചേരുന്ന ബിഡിജെഎസിന്റെ സംസ്ഥാന കൗണ്‍സിലില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും കുമ്മനം പറഞ്ഞു. യുഡിഎഫിലെ ഒരു കക്ഷിയുമായും ബിജെപി ചര്‍ച്ച നടത്തിയിട്ടില്ല. കെ എം മാണിയെ ഇതുവരെ ബിജെപി സ്വാഗതം ചെയ്തിട്ടില്ല. മാണി തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it