ബിജെപി സര്‍ക്കാര്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുന്നുവെന്ന്

താനെ: ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളില്‍ ഹിന്ദുത്വം അടിച്ചേല്‍പ്പിക്കുകയാണെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് അംഗം മൗലാന സജ്ജാദ് നുഅ്മാനി. യോഗയും സൂര്യനമസ്‌കാരവും വന്ദേമാതരവും നിര്‍ബന്ധിക്കുന്നതിലൂടെയാണ് ഹിന്ദുത്വ സംസ്‌കാരം രാജ്യത്ത് അടിച്ചേല്‍പിക്കുന്നത്. വ്യക്തിനിയമ ബോര്‍ഡിന്റെ ദേശീയബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി ഫെബ്രുവരി 24, 25 തിയ്യതികളില്‍ മുബ്രയില്‍ വിശ്വാസം സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക എന്ന പരിപാടി നടത്തും. യോഗ ഹിന്ദുമതത്തിന്റെ ഭാഗമാണ്.
യോഗാസനം ചെയ്യുന്നതിനു ഞങ്ങള്‍ എതിരല്ല. എന്നാല്‍, സ്‌കൂള്‍ വിദ്യാര്‍ഥികളെയും സര്‍ക്കാര്‍ ജീവനക്കാരെയും ഇതിനു നിര്‍ബന്ധിക്കുകയാണെങ്കില്‍ അവരെ നമസ്‌കാരവും പരിശീലിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി സര്‍ക്കാര്‍ ഭരണഘടനയ്‌ക്കെതിരെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതര ജാതികളെയും മതങ്ങളെയും അവര്‍ ദ്രോഹിക്കുകയാണ് -അദ്ദേഹം ആരോപിച്ചു. മുസ്‌ലിംകള്‍, മറ്റു പിന്നാക്ക സംഘടനകള്‍, ലിംഗായത്ത് സമുദായ സംഘടനകള്‍ തുടങ്ങിയ സമാനസംഘങ്ങളെബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി യോജിപ്പിച്ച് ഒരു പൊതുമിനിമം പരിപാടിക്ക് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ ഭരണഘടനയ്‌ക്കെതിരേയുള്ള ഒരു പ്രവര്‍ത്തനവും അനുവദിക്കുകയില്ലെന്നും നുഅ്മാനി പറഞ്ഞു. സവര്‍ണ മേധാവിത്തം കൊണ്ടുവരാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാരും മന്ത്രിമാരും നടത്തുന്നതെന്ന് വമന്‍ മെഷ്‌റാം ആരോപിച്ചു.
Next Story

RELATED STORIES

Share it