Flash News

ബിജെപി സര്‍ക്കാരിനു ദുഷ്ടലാക്ക് മാത്രം: ഇ ടി

ന്യൂഡല്‍ഹി: മുത്ത്വലാഖ് ബില്ലിന്റെ കാര്യത്തില്‍ ബിജെപി സര്‍ക്കാരിനു ദുഷ്ടലാക്ക് മാത്രമാണുള്ളതെന്ന് ഇ ടി മുഹമ്മദ് ബഷീര്‍ എംപി.  ഒരു സമുദായത്തിലെ പുരുഷന്‍മാരെല്ലാം സ്ത്രീകളോട് ക്രൂരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന മിഥ്യാധാരണ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ബില്ലിനെ എതിര്‍ക്കുന്നവരാരും മുത്ത്വലാഖിനു വേണ്ടി വാദിക്കുന്നവരോ അതിന്റെ വക്താക്കളോ അല്ല. സുപ്രിംകോടതി തന്നെ നിരോധിച്ച മുത്ത്വലാഖിനെ സംബന്ധിച്ച് നിങ്ങള്‍ നിയമം കൊണ്ടുവരുന്നത് എന്തിനാണ്? ഇന്ത്യയിലെ മുസ്‌ലിം ജനസംഖ്യ 16-17 ശതമാനത്തിനിടയിലേയുള്ളൂ. അതില്‍ത്തന്നെ വളരെ കുറച്ച് വിവാഹമോചന കേസുകള്‍ മാത്രമാണ് നടക്കുന്നത്. ഇതില്‍ മുത്ത്വലാഖ് സമ്പ്രദായത്തിലൂടെയുള്ള വിവാഹമോചനം വളരെ തുച്ഛമാണ്.  എന്നാല്‍, ഇത് പെരുപ്പിച്ചുകാണിക്കുന്നതില്‍ സര്‍ക്കാരിന് ക്രൂരമായ അജണ്ടയുണ്ട്. കൊതുകിനെ കൊല്ലാന്‍ തോക്കെടുക്കുന്ന പ്രകൃതമാണീ സര്‍ക്കാരിന്. ഈ ബില്ലിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച ധൃതിയും ആവേശവും ഈ മഹത്തായ സഭയുടെ പവിത്രതയെത്തന്നെ തകിടം മറിക്കുന്ന നടപടിയാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിനുള്ള പാലം നിര്‍മിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ബിജെപി നേതാവ് എം ജെ അക്ബര്‍ ചെയ്ത പ്രസംഗം തന്നെ അതിന്റെ മുന്നറിയിപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, മുസ്‌ലിം സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിന് സംഘപരിവാര പിന്തുണയുള്ള ബിജെപി സര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന അമിതാവേശം സംശയാസ്പദമാണെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി സഭയില്‍ പറഞ്ഞു. ഏകീകൃത സിവില്‍ നിയമത്തിലേക്കുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ന്യായമായും സംശയിക്കുന്നു.  നിയമത്തിലെ പല വകുപ്പുകളും പരസ്പരവിരുദ്ധവും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it