Flash News

ബിജെപി സംസ്ഥാന പ്രസിഡന്റിനെ തിരഞ്ഞെടുക്കാനായില്ല

തൃശൂര്‍: ബിജെപി സംസ്ഥാന കമ്മിറ്റിക്ക് നാഥനില്ലാതായിട്ട് ആഴ്ചകളായിട്ടും പുതിയ പ്രസിഡന്റിനെ നിയോഗിക്കാനാവാതെ പാര്‍ട്ടി കേന്ദ്രനേതൃത്വം. ഇന്നലെ തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗത്തിലും ചേരിതിരിഞ്ഞുള്ള തര്‍ക്കം നടന്നതായാണ് റിപോര്‍ട്ട്.
സംസ്ഥാന ഭാരവാഹി യോഗത്തില്‍ ദേശീയ സെക്രട്ടറി എച്ച് രാജ എ എന്‍ രാധാകൃഷ്ണനെയും കേരളത്തിന്റെ ചുമതലയുള്ള ദേശീയ നേതാവ് നളിന്‍കുമാര്‍ പാട്ടീല്‍ കെ സുരേന്ദ്രനെയും പിന്തുണച്ചു. സംസ്ഥാന നേതാക്കള്‍ ഇരുചേരികളിലായി നിന്നു വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി മുന്നോട്ടു പോവുന്നതിനിടെയാണ് കേന്ദ്രനേതാക്കളും ഇരുപക്ഷത്തുമായി നിലയുറപ്പിച്ചത്.
കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്ന കാംപയിനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കുന്നതിനായിരുന്നു കോര്‍കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗമെങ്കിലും ഉച്ചകഴിഞ്ഞു ചേര്‍ന്ന ഭാരവാഹി യോഗത്തിലായിരുന്നു സംസ്ഥാന പ്രസിഡന്റിനെ ചൊല്ലിയുള്ള പരാമര്‍ശം കടന്നുവന്നത്.
പ്രസിഡന്റില്ലാതെ മുന്നോട്ടുപോവുന്നത് പാര്‍ട്ടിക്ക് വലിയ നാണക്കേടാണെന്ന് കേന്ദ്രനേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസ്സിലെ ആഭ്യന്തര കലഹവും സംസ്ഥാന ആഭ്യന്തരവകുപ്പിനെതിരേ ഉയരുന്ന ആരോപണങ്ങും പാര്‍ട്ടിക്ക് മുതലെടുക്കാന്‍ കഴിഞ്ഞില്ല. ഇത്തരം ഘട്ടങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ ഭാഗത്തുനിന്ന് മികച്ച പ്രതികരണങ്ങള്‍പോലുമുണ്ടായില്ലെന്നും ദേശീയ നേതാക്കള്‍ കുറ്റപ്പെടുത്തി.
ആര്‍എസ്എസിന്റെ സംഘടനാ ചുമതലയുള്ള ബി എല്‍ സന്തോഷ് ആയിരുന്നു യോഗം വിളിച്ചത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കെ കേരളത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതില്‍ പരാജയപ്പെട്ടെന്ന കുറ്റപ്പെടുത്തലും സംസ്ഥാന നേതൃത്വത്തിനെതിരേ ഉണ്ടായി. യോഗത്തില്‍ പി കെ കൃഷ്ണദാസ്, പി എസ് ശ്രീധരന്‍പിള്ള, സി കെ പത്മനാഭന്‍ പങ്കെടുത്തില്ല.
Next Story

RELATED STORIES

Share it