ബിജെപി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര്; തല പെരുത്ത് കേന്ദ്രനേതൃത്വം

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഗ്രൂപ്പ് പോര് കേന്ദ്രനേതൃത്വത്തിനു തലവേദനയാവുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയാവാനുള്ള ബിജെപിയുടെ നീക്കത്തിനു മറനീക്കി പുറത്തുവരുന്ന ഗ്രൂപ്പ് പോര് വിനയാവുമെന്നു കേന്ദ്രനേതൃത്വം മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പാര്‍ട്ടിയായ ബിഡിജെഎസുമായുള്ള സഖ്യത്തിലൂടെ മൂന്നാംമുന്നണി രൂപീകരിക്കാനുള്ള നീക്കം പാളിയതിനൊപ്പം തന്നെ ബിജെപിക്കുള്ളിലെ സീറ്റ് മോഹികളുടെ കലഹവും ഒതുക്കാനാവാത്ത അവസ്ഥയിലാണ് നേതൃത്വം.
വര്‍ഷങ്ങളായി മഞ്ചേശ്വരം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന് ഇത്തവണ മറുഗ്രൂപ്പ് പ്രാദേശിക വാദം ഉയര്‍ത്തി സീറ്റ് നിഷേധിക്കാനുള്ള നീക്കത്തിലാണ്. കോഴിക്കോട് സ്വദേശിയായ സുരേന്ദ്രന്‍ കാസര്‍കോട് ജില്ലയില്‍ മല്‍സരിച്ചാല്‍ അവിടെയുള്ള നേതാക്കളുടെ അവസരമാണ് ഇല്ലാതാവുകയെന്നു കൃഷ്ണദാസ് വിഭാഗം പറയുന്നു. ആര്‍എസ്എസ് നേതൃത്വത്തിനും സുരേന്ദ്രന്‍ അനഭിമതനാണ്. ഈ നീക്കത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ മുഖ്യധാരാ പ്രവര്‍ത്തനത്തില്‍ നിന്നു സുരേന്ദ്രന്‍ മാറിനില്‍ക്കുകയാണ്. മുരളീധരന്‍ സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടാമനായിരുന്ന സുരേന്ദ്രനെ ഒതുക്കാനുള്ള മറുപക്ഷത്തിന്റെ തന്ത്രംകൂടിയാണ് സീറ്റ് തര്‍ക്കത്തില്‍ കലാശിച്ചത്. ഇതിനു മറുപടിയായാണ് പാലക്കാട് മുരളീധരപക്ഷം തിരിച്ചടിച്ചത്.
മുരളീധര ഗ്രൂപ്പിലെ നേതാവും പാലക്കാട് നഗരസഭാ ചെയര്‍മാനുമായ കൃഷ്ണകുമാറിനെ പാലക്കാട് നിയമസഭാ സീറ്റില്‍ മല്‍സരിപ്പിക്കണമെന്നാണ് ആവശ്യം. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പാലക്കാടിന്റെ ചുമതലയുണ്ടായിരുന്ന ശോഭാ സുരേന്ദ്രന്‍ ഇവിടെ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പ്രാദേശിക വാദത്തിലൂടെ മഞ്ചേശ്വരത്തുനിന്ന് സുരേന്ദ്രനെ നീക്കുകയാണെങ്കില്‍ എന്തുകൊണ്ട് പാലക്കാട് ഇതു പാലിക്കുന്നില്ലെന്നാണു മുരളീധരപക്ഷത്തിന്റെ ചോദ്യം. ബിജെപിക്ക് ഏറെ പ്രതീക്ഷയുള്ള തിരുവനന്തപുരത്തും ഇതേ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. പാര്‍ട്ടിയിലേക്ക് ഇനിയും തിരിച്ചെടുത്തിട്ടില്ലാത്ത മുന്‍ സംസ്ഥാന സംഘടനാ സെക്രട്ടറി പി പി മുകുന്ദന്‍ ഇവിടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മല്‍സരിച്ചേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നുണ്ട്. ബിജെപി സംസ്ഥാന ഘടകത്തിലെ ഗ്രൂപ്പ് പോര് ഇല്ലാതാക്കാനുള്ള ഒറ്റമൂലിയായി ഹിന്ദു സംഘടനാ നേതാവ് കുമ്മനം രാജശേഖരനെ അധ്യക്ഷനാക്കിയെങ്കിലും ഫലംകണ്ടില്ലെന്നാണു കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.
രാഷ്ട്രീയരംഗത്തെ പരിചയക്കുറവാണ് കുമ്മനത്തിനു വിനയാവുന്നത്. ആര്‍എസ്എസിലെ ഏകാധികാര ഘടനയല്ല സംസ്ഥാന ബിജെപിയിലുള്ളത്. ഇരു ഗ്രൂപ്പുകളും ഒപ്പത്തിനൊപ്പം ശക്തമായതിനാല്‍ത്തന്നെ സമവായമല്ലാതെ മറ്റു മാര്‍ഗമില്ലെന്ന അവസ്ഥയിലാണു കുമ്മനവും.
Next Story

RELATED STORIES

Share it