ബിജെപി സംസ്ഥാന അധ്യക്ഷന്‍: കുമ്മനത്തിന് സാധ്യതയേറി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവിയിലേക്ക് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് സാധ്യതയേറി. സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കാനുള്ള പാര്‍ട്ടി കേന്ദ്ര - സംസ്ഥാന നേതൃയോഗം ഇന്നു ചേരാനിരിക്കെ രാജശേഖരനെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം രാജശേഖരന്‍ കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. കുമ്മനം രാജശേഖരന്‍ അധ്യക്ഷ പദവിയിലേക്ക് വരുന്നത് പാര്‍ട്ടിക്ക് ഗുണകരമാണെന്ന് മുതിര്‍ന്ന നേതാവ് ഒ രാജഗോപാലും പ്രതികരിച്ചു.
പുതിയ അധ്യക്ഷ സ്ഥാനത്തേക്ക് പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും പാര്‍ട്ടിക്ക് പുറത്തുനിന്നുള്ള കുമ്മനം രാജശേഖരന്‍, ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരായ ആര്‍ ബാലശങ്കര്‍ എന്നിവരുടെ പേരുകളാണ് സജീവമായി പരിഗണിച്ചത്.
ബിജെപി സംസ്ഥാന ഘടകത്തില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതയാണ് പുറത്തുനിന്നുള്ളവരെ പരിഗണിക്കാന്‍ പ്രധാനകാരണം. എന്നാല്‍, ബാലശങ്കറിന് പ്രാദേശിക രാഷ്ട്രീയത്തില്‍ പ്രാവീണ്യം കുറവായതിനാല്‍ കുമ്മനത്തിനുള്ള സാധ്യത വര്‍ധിച്ചു. മാത്രമല്ല, ഹിന്ദുനേതാക്കളുമായി അടുത്തബന്ധം പുലര്‍ത്തുന്ന കുമ്മനം ബിജെപി - ആര്‍എസ്എസ് നേതൃത്വത്തിന് ഒരുപോലെ സ്വീകാര്യനാണ്. നിരവധി ഹിന്ദുത്വ സമരങ്ങളില്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ചതും ഈ സ്ഥാനത്തേയ്ക്ക് കുമ്മനത്തെ പരിഗണിക്കാന്‍ കാരണമായിട്ടുണ്ട്.
അധ്യക്ഷസ്ഥാനത്തേക്കു കേന്ദ്രനേതൃത്വം നിര്‍ദേശിച്ച ആര്‍ ബാലശങ്കറിനെ അംഗീകരിക്കാന്‍ മുരളീധരപക്ഷം തയ്യാറായിരുന്നില്ല. മുരളീധരപക്ഷവും മുമ്പ് ആര്‍എസ്എസ് സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന രണ്ടുപേരും ചേര്‍ന്നാണ് കുമ്മനം രാജശേഖരന്റെ പേര് അധ്യക്ഷ സ്ഥാനത്തേക്കു നിര്‍ദേശിച്ചത്.
Next Story

RELATED STORIES

Share it