ബിജെപി വിവാദം: കെ സുധാകരനെ വിടാതെ പിന്തുടര്‍ന്ന് സിപിഎം

സമദ്  പാമ്പുരുത്തി
കണ്ണൂര്‍: ശുഹൈബ് വധത്തിനു ശേഷം ബിജെപി വിഷയത്തില്‍ ആരോപണ, പ്രത്യാരോപണങ്ങളുമായി കോണ്‍ഗ്രസ്-സിപിഎം പോര് മുറുകിയതോടെ കണ്ണൂര്‍ രാഷ്ട്രീയം കലങ്ങിമറിയുന്നു. ബിജെപിയിലേക്കു നീങ്ങുകയാണെന്ന ആരോപണം ശക്തമാക്കി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരനെ രാഷ്ട്രീയമായും വ്യക്തിപരമായും കടന്നാക്രമിക്കുകയാണു സിപിഎം. പാര്‍ട്ടി ചാനല്‍ ഉപയോഗപ്പെടുത്തിയാണു സിപിഎം യുദ്ധം.
ശുഹൈബ് വധക്കേസില്‍ സുധാകരന്‍ നടത്തിയ നിരാഹാര സമരവും സര്‍ക്കാര്‍ കടുത്ത എതിര്‍പ്പ് ഉയര്‍ത്തിയിട്ടും ഹൈക്കോടതി സിബിഐ അന്വേഷണം പ്രഖ്യാപിച്ചതും സംസ്ഥാനത്ത് കോണ്‍ഗ്രസ്സിന് പകര്‍ന്ന രാഷ്ട്രീയ ഊര്‍ജം ചെറുതല്ല. പാര്‍ട്ടി ശക്തമായ പ്രതിരോധം തീര്‍ത്തിട്ടും കാര്യങ്ങള്‍ കൈവിട്ടതാണു സിപിഎമ്മിനെ ചൊടിപ്പിക്കാന്‍ കാരണം. കൊലയാളി സംഘത്തില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെ ഗത്യന്തരമില്ലാതെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി തല്‍ക്കാലം തടിയൂരിയെങ്കിലും സിബിഐ അന്വേഷണം വന്നാലുണ്ടാവുന്ന പുകിലുകള്‍ നേതൃത്വത്തിനു നന്നായറിയാം.
ശുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമെന്നതു കോണ്‍ഗ്രസ്സിന്റെ അജണ്ടയില്‍ ആദ്യമുണ്ടായിരുന്നില്ല. രാഷ്ട്രീയ കൊലപാതകങ്ങളില്‍ പൊതുവായി സ്വീകരിച്ചുപോരുന്ന നിലപാടാണ് ഇവിടെയും കെപിസിസി നേതൃത്വം ആദ്യം സ്വീകരിച്ചത്. ഇക്കാര്യത്തില്‍ എ, ഐ ഗ്രൂപ്പുകളുടെ സ്വരവും ഒന്നായിരുന്നു. എന്നാല്‍, സര്‍വകക്ഷി യോഗത്തില്‍ നിയമമന്ത്രി എ കെ ബാലന്‍ ഇതു സംബന്ധിച്ച് വാക്കാല്‍ ഉറപ്പുനല്‍കിയതാണ് കോണ്‍ഗ്രസ്സിന് തുറുപ്പുചീട്ടായത്. സ്വാഭാവികമായും യഥാര്‍ഥ പ്രതികളെ പിടികൂടണമെന്ന ആവശ്യത്തില്‍ നിന്ന് സിബിഐ അന്വേഷണം വേണമെന്ന ശാഠ്യത്തില്‍ അവര്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. കെ സുധാകരന്റെ കടുത്ത സമ്മര്‍ദം കൂടിയായതോടെ പിന്തുണ നല്‍കാന്‍ കെപിസിസി നേതൃത്വം നിര്‍ബന്ധിതരായി.
കണ്ണൂരിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തില്‍ നിയമ യുദ്ധത്തിലൂടെയാണെങ്കിലും സുധാകരന്റെ തന്ത്രം വിജയിക്കുകയും ചെയ്തു. ഇതാണു ജില്ലയിലെ കരുത്തുറ്റ കോണ്‍ഗ്രസ് നേതാവിനെതിരേ സിപിഎം പരസ്യമായി തിരിയാന്‍ കാരണം. ആദ്യം മുഖ്യമന്ത്രി പിണറായി വിജയനും ഇ പി ജയരാജന്‍ എംഎല്‍എയും കൊലയാളി വിശേഷണം ചാര്‍ത്തിയെങ്കിലും അതേ നാണയത്തില്‍ തിരിച്ചടിച്ചു സുധാകരന്‍. എന്നാലിപ്പോള്‍ തനിക്കു ബിജെപിയിലേക്കു ക്ഷണമുണ്ടായിരുന്നുവെന്ന സുധാകരന്റെ വെളിപ്പെടുത്തല്‍ അദ്ദേഹത്തെ തിരിഞ്ഞുകൊത്തുകയാണ്. കേരളത്തിലെ രാഷ്ട്രീയ വികസനത്തിനുള്ള തന്ത്രപരമായ പദ്ധതിയുടെ ഭാഗമായാണു ബിജെപി ദൂതന്‍ സുധാകരനെ സന്ദര്‍ശിച്ചത്. ക്ഷണം നിരസിച്ചെങ്കിലും സുധാകരന്റെ സമരപ്പന്തലില്‍ ആര്‍എസ്എസ് നേതാവ് വല്‍സന്‍ തില്ലങ്കേരി എത്തിയതു സിപിഎം ആരോപണത്തിനു ബലമേകി.
ശുഹൈബ് വധക്കേസില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല ഉത്തരവുണ്ടായ ശേഷം കേസിന്റെ തുടര്‍ നടപടിക്രമങ്ങള്‍ക്ക് പിന്നാലെയാണു ഇപ്പോള്‍ സുധാകരന്‍. ഇതിന്റെ ഭാഗമായി പോലിസ് രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് കത്തു നല്‍കിയിട്ടുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് ആക്രമണത്തിന്റെ വീര്യം കൂട്ടാന്‍ സിപിഎം തീരുമാനിച്ചത്. താന്‍ ബിജെപിയിലേക്കില്ലെന്ന് സുധാകരന്‍ ആവര്‍ത്തിച്ചു വ്യക്തമാക്കിയിരിക്കെ, സുധാകരന്‍ സംഘപരിവാര മനസ്സിന് ഉടമയാണെന്ന ആരോപണം ശക്തമാക്കുകയാണു സിപിഎം. കൂടാതെ, ചെറുപുഴയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ച പെണ്‍കുട്ടിയെ സുധാകരന്‍ ഭീഷണിപ്പെടുത്തിയെന്ന വെളിപ്പെടുത്തലും ഉയര്‍ന്നിട്ടുണ്ട്.
Next Story

RELATED STORIES

Share it