malappuram local

ബിജെപി വിജയാഹ്ലാദ പ്രകടനത്തിനിടെ ഹോട്ടലിനുനേരെ അക്രമം

തിരൂര്‍: നഗരത്തില്‍ ബിജെപി നടത്തിയ വിജയാഹ്ലാദ പ്രകടനത്തിനിടയില്‍ താഴെപാലം സബ്കാ ഹോട്ടലിനു നേരെ അക്രമം. ഹോട്ടലിലെ ഷവര്‍മ കൗണ്ടറും ഗ്ലാസുകളും പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. ഇന്നലെ വൈകീട്ട് 6.30നാണു സംഭവം. ഹിമാചല്‍ പ്രദേശിലും ഗുജറാത്തിലും ബിജെപി അധികാരത്തില്‍ വന്നതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് യാസിര്‍ കൊലക്കേസ്, കൊടിഞ്ഞി ഫൈസല്‍ വധക്കേസ് എന്നിവയിലെ പ്രതി മഠത്തില്‍ നാരായണന്‍ കുട്ടി, ടൈലര്‍ ഗണേഷന്‍, മനോജ് പാറശ്ശേരി എന്നിവരുടെ നേതൃത്വത്തിലാണ് നഗരത്തില്‍ പ്രകടനം നടത്തിയത്. താഴെപാലത്തെത്തിയ പ്രകടനക്കാര്‍ സബ്കാ ഹോട്ടലിന്റെ സ്‌റ്റെപ്പില്‍വച്ച് പടക്കം പൊട്ടിക്കാന്‍ ശ്രമിച്ചപ്പോള്‍ കൗണ്ടറിലുണ്ടായിരുന്ന മാനേജര്‍ ഇടപെട്ട് അപ്പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുകയായിരുന്നു. ഹോട്ടലിനു കേടുപാടുകള്‍ സംഭവിക്കുമെന്ന പറഞ്ഞ അദ്ദേഹത്തെ പ്രകടനത്തിലുണ്ടായിരുന്നവര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് ഹോട്ടലിനുള്ളിലേക്ക് പടക്കമെറിയുകയും സ്റ്റെപ്പില്‍ വച്ചു തന്നെ പടക്കം പൊട്ടിക്കുകയുമായിരുന്നു. പ്രകടനത്തില്‍ പങ്കെടുത്തവരുടെ കൈയിലുണ്ടായിരുന്ന ഇരുമ്പ് വടികളുപയോഗിച്ചാണ് ഷവര്‍മ കൗണ്ടറും ഗ്ലാസുകളും അടിച്ചു പൊട്ടിച്ചത്. സബ്കാ ഹോട്ടലിനുനേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ തിരൂരില്‍ പ്രകടനം നടന്നു. പ്രകടനത്തിന് തിരൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് പി എ ബാവ, ജനറല്‍ സെക്രട്ടറി പി പി അബ്ദുര്‍റഹ്മാന്‍, ഹോട്ടല്‍ റസ്‌റ്റോറന്റ് അസോസിയേഷന്‍ യൂനിറ്റ് സെക്രട്ടറി മണി എന്നിവര്‍ നേതൃത്വം നല്‍കി. സബ്കാ ഉടമകളുടെ പരാതിയില്‍ തിരൂര്‍ പോലിസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു. ബിജെപി നഗരത്തില്‍ നടത്തിയ വിജയാഹ്ലാദ പ്രകടനത്തിന് പോലിസില്‍ നിന്ന് അനുവാദം വാങ്ങിയിട്ടില്ലെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഹോട്ടലിനു നേരെയുള്ള അക്രമത്തിനെതിരേ തിരൂരിലെ പൊതുസമൂഹം ഒന്നടങ്കം രംഗത്തു വന്നിട്ടുണ്ട്. അക്രമികള്‍ ഹോട്ടലില്‍ ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ സി മമ്മുട്ടി എംഎല്‍എ നേരില്‍കണ്ട് വിലയിരുത്തി.
Next Story

RELATED STORIES

Share it