ബിജെപി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു

സ്വന്തം പ്രതിനിധി

മുക്കം: സംഘപരിവാര ശക്തികളുടെ സഹായത്തോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദലിതരെ ചുട്ടു കൊല്ലുന്നതിലും കേന്ദ്രമന്ത്രി ദലിതരെ പട്ടിയോട് ഉപമിച്ചതിലും പ്രതിഷേധിച്ച് ബിജെപി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥി കെ കമലമാണ് ബിജെപി നേതൃത്വത്തിന്റെ ദലിത് വിരുദ്ധ സമീപനങ്ങളില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ഹരിയാനയിലെ പട്ടികജാതി കുടുംബത്തിലെ പിഞ്ചോമനകളെ ചുട്ടുകൊല്ലുകയും ദലിത് സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ചെയ്ത നടപടിയില്‍ കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകള്‍ മൗനംപാലിക്കുന്നതിലും ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രി സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതിനു പകരം പട്ടിയോട് ഉപമിച്ചതിലും മനപ്രയാസമുള്ളതു കൊണ്ടാണ് പ്രതിഷേധ സൂചകമായി സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുന്നതെന്ന് കമലം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ നേതൃത്വത്തിന്റെ ദലിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ച് സ്ഥാനാര്‍ഥി മല്‍സരരംഗത്തു നിന്നു പിന്മാറിയത് ബിജെപിക്കു തിരിച്ചടിയായി.
സവര്‍ണ ജാതിക്കാരുടെ ചട്ടുകമായി മാറിയ സംഘപരിവാര ശക്തികള്‍ക്ക് ധൈര്യം പകരുന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ദലിത് വിരുദ്ധ നിലപാടില്‍ ബിജെപിയിലെ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്കയും പ്രതിഷേധവുമാണ് കൊടിയത്തൂരിലെ സ്ഥാനാര്‍ഥിയുടെ പിന്മാറ്റത്തിലൂടെ പുറത്തുവന്നത്.
Next Story

RELATED STORIES

Share it