Flash News

ബിജെപി യാത്ര നയിക്കാന്‍ അമ്പലമോഷണക്കേസ് പ്രതിയും

ബിജെപി യാത്ര നയിക്കാന്‍ അമ്പലമോഷണക്കേസ് പ്രതിയും
X


കണ്ണൂര്‍: “ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നടത്തുന്ന ജനരക്ഷായാത്ര നയിക്കാന്‍ അമ്പലത്തിന്റെ മേല്‍ക്കൂര പൊതിയാന്‍ വാങ്ങിയ ചെമ്പുപാളികള്‍ മറിച്ചുവിറ്റ കേസിലെ പ്രതിയായ നേതാവും. അടൂര്‍ പെരിങ്ങനാട് തൃച്ചേന്ദ്രമംഗലം മഹാദേവര്‍ ക്ഷേത്രത്തില്‍ നാലമ്പലത്തിന്റെയും നമസ്‌കാര മണ്ഡപത്തിന്റെയും നിര്‍മാണത്തിനു വാങ്ങിയ ചെമ്പുപാളികള്‍ മറിച്ചുവിറ്റ കേസിലെ ഒന്നാം പ്രതിയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗവുമായ ടി ആര്‍ അജിത്ത് കുമാറാണ് ജാഥയുടെ മുന്‍നിരയിലുള്ളത്. കേസില്‍ അജിത്ത്കുമാറിനെ ഒന്നാം പ്രതിയാക്കി അടൂര്‍ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്. ക്രമക്കേടു നടന്ന കാലയളവില്‍ അമ്പലം ഭരണസമിതി പ്രസിഡന്റും ബിജെപി ജില്ലാ പ്രസിഡന്റും ഇയാളായിരുന്നു. ക്ഷേത്ര പുനരുദ്ധാരണത്തിനായി 2009-2012 കാലയളവില്‍ 9626 കിലോ ചെമ്പുപാളികളാണു വാങ്ങിയത്. ഇതില്‍ 6500 കിലോ  ഉപയോഗിച്ച് നാലമ്പല നിര്‍മാണം പൂര്‍ത്തിയാക്കി. 3126 കിലോ ചെമ്പുപാളികളില്‍ നിന്നു നിയമം ലംഘിച്ച് 1329 കിലോ പാളികള്‍ ക്ഷേത്രം പണിക്കാരനായ അനന്തനാചാരിക്കു കൂലിക്കു പകരമായി നല്‍കി. ബാക്കിവന്ന 1797 കിലോ ചെമ്പുപാളികള്‍  ഭരണസമിതി ഭാരവാഹികള്‍ ക്ഷേത്രത്തില്‍ നിന്നു കടത്തിയെന്നാണു കേസ്. അടൂര്‍ ഡിവൈഎസ്പിയായിരുന്ന എസ് റഫീഖ് അടൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ ഒന്നാം പ്രതിയാണ് അജിത് കുമാര്‍. പ്രതികള്‍ 8,98,500 രൂപയുടെ വെട്ടിപ്പുനടത്തിയെന്ന്  റിപോര്‍ട്ടിലുണ്ട്. കൂട്ടുപ്രതികളും ബിജെപി നേതാക്കളാണ്. അജിത് കുമാര്‍ പ്രസിഡന്റായിരിക്കെ നിരവധി സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായി നിലവിലെ ഭരണസമിതി അംഗങ്ങള്‍ ആരോപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it