ബിജെപി മുതലെടുപ്പിന് ശ്രമിക്കുന്നു: മന്ത്രി

ശബരിമല: മണ്ഡല-മകരവിളക്ക് മഹോല്‍സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സന്നിധാനത്തു ചേര്‍ന്ന അവലോകന യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
ഈ സീസണില്‍ യുവതികള്‍ക്ക് ആവശ്യമായ സൗകര്യമൊരുക്കും. പമ്പയിലും നിലയ്ക്കലിലും ശുചിമുറിയും താമസസൗകര്യവും ഏര്‍പ്പെടുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഓരോ വകുപ്പിനും ഓരോ നോഡല്‍ ഓഫിസറുണ്ടാകും. സുപ്രിംകോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാരിനെതിരേ രാഷ്ട്രീയ മുതലെടുപ്പിനാണ് ബിജെപി ശ്രമിക്കുന്നത്. സര്‍ക്കാരിനു മുന്നിലുള്ളത് നിലവിലുള്ള സുപ്രിംകോടതി വിധിയാണ്. ഇതു നടപ്പാക്കാതെ മറ്റു മാര്‍ഗമില്ല.
സംഘപരിവാരവുമായി ബന്ധമുള്ളവരും നേതാക്കളുമാണ് സുപ്രിംകോടതിയില്‍ കേസ് കൊടുത്തത്. ഈ വിധിക്കു കാരണം അവരാണ്. ഇതു മറച്ചുവച്ച് വിശ്വാസികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചിലര്‍. എന്തുകൊണ്ട് കോണ്‍ഗ്രസും ബിജെപിയും കക്ഷി ചേര്‍ന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
നാട്ടില്‍ അശാന്തി വിതയ്ക്കുകയാണ് ആര്‍എസ്എസും ബിജെപിയും. മാധ്യമപ്രവര്‍ത്തകരെ പോലും പ്രാകൃതമായി ആക്രമിക്കുകയാണ്. ശബരിമലയിലെ സമാധാനം തകര്‍ക്കാന്‍ ഒരാളെ പോലും അനുവദിക്കില്ല.
മഹാരാഷ്ട്രയിലെ ശനി ക്ഷേത്രം സ്ത്രീകള്‍ക്കായി തുറന്നുനല്‍കിയപ്പോള്‍ എന്തുകൊണ്ട് പ്രതിഷേധവുമായി ബിജെപി എത്തിയില്ലെന്നും ഇത്തരത്തിലുള്ള തട്ടിപ്പ് യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it