ബിജെപി ഭരണം തുടരും; 2024ലെങ്കിലും കോണ്‍ഗ്രസ്സിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാവട്ടെ: മോദി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം തള്ളിയ സാഹചര്യത്തില്‍  ബിജെപി ഭരണം തുടരുമെന്നു പ്രധാനമന്ത്രി.  അവിശ്വാസ പ്രമേയത്തിനുള്ള മറുപടിയില്‍ രാഹുല്‍ ഗാന്ധിയെയും സോണിയയെയും പ്രധാനമന്ത്രി പരിഹസിച്ചു. അവിശ്വാസപ്രമേയം തള്ളിക്കളയണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു മോദി പ്രസംഗം ആരംഭിച്ചത്.
രാഹുലിന്റെ ആലിംഗനത്തെയാണ് അദ്ദേഹം ആദ്യം പരിഹസിച്ചത്. ഇവിടെ ചര്‍ച്ച നടക്കുമ്പോള്‍ ഒരാള്‍ വേഗത്തില്‍ എന്റെയടുത്തേക്കു വന്ന് ഉഠോ ഉഠോ എന്നു പറഞ്ഞു. തന്നെ പ്രധാനമന്ത്രി കസേരയില്‍ നിന്ന് ഇറക്കി അധികാരം സ്ഥാപിക്കാന്‍ ആര്‍ക്കാണ് ഇത്ര തിടുക്കം- മോദി ചോദിച്ചു. ഒപ്പം രാഹുലിന്റെ കണ്ണിറുക്കലിനെ ചിലരുടെ കണ്ണിറുക്കല്‍ കളിയെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. രാഹുലിന്റെ കണ്ണിലേക്കു നോക്കാന്‍ താനായിട്ടില്ല. പിന്നാക്കജാതിക്കാരനാണു ഞാന്‍. എനിക്ക് എങ്ങനെയാണ് ഉന്നതകുലജാതനായ അങ്ങയുടെ മുന്നില്‍ വന്നു നില്‍ക്കാന്‍ ആവുക. പിന്നെ കണ്ണുകൊണ്ടുള്ള കുറേ കളികള്‍ ഇന്നു നാം ഇവിടെ കണ്ടല്ലോ. കാവല്‍ക്കാരനും പങ്കാളിയുമാണു താന്‍. ഇടപാടുകാരനും കച്ചവടക്കാരനും അല്ലെന്നും മോദി പറഞ്ഞു.
ഇതെല്ലാം കുട്ടിക്കളിയാണ്. ജനങ്ങളാണ് പ്രധാനമന്ത്രിയെ തീരുമാനിച്ചത്. അവര്‍ക്കു മാത്രമേ തന്നെ മാറ്റാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഫേല്‍ ഇടപാടില്‍ നുണ പ്രചരിപ്പിക്കുകയാണ്. സൈന്യത്തിന്റെ മിന്നലാക്രമണം തട്ടിപ്പെന്നു വരെ പറഞ്ഞു. തന്നെ പറഞ്ഞോളു, ജവാന്‍മാരെ പറയരുത്. അവിശ്വാസപ്രമേയവുമായി വന്നവര്‍ ഒപ്പമുള്ളവരെ വരെ വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തവരാണ്. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് രാജ്യത്തെ 18,000 ഗ്രാമങ്ങളില്‍, പ്രത്യേകിച്ച് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വൈദ്യുതി എത്തിക്കാന്‍ സര്‍ക്കാരിനായി. മുന്‍ സര്‍ക്കാരുകള്‍ക്ക് അതായില്ല. 2022 ആവുമ്പോഴേക്കും കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനാണു ശ്രമിക്കുന്നത്. പ്രമേയം വിജയിപ്പിക്കാന്‍ സംഖ്യയുണ്ടെന്നു പറഞ്ഞ സോണിയഗാന്ധിയെയും മോദി വിമര്‍ശിച്ചു.വോട്ടിന് പണം നല്‍കിയ ചരിത്രമാണ് കോണ്‍ഗ്രസ്സിന്റേത്. കുടുംബരാഷ്ട്രീയം മാത്രം കൊണ്ടുനടന്നതിന് കോണ്‍ഗ്രസ്സിനെ അധികാരത്തില്‍ നിന്നു പുറത്താക്കിയാണ് രാജ്യം ശിക്ഷിച്ചത്. അവിശ്വാസപ്രമേയം കൊണ്ടുവന്ന ടിഡിപി രാഷ്ട്രീയം കളിക്കുകയാണ്. ആന്ധ്രയുടെ ദുര്‍ഗതിക്കു കാരണം കോണ്‍ഗ്രസ്സാണ്. വൈഎസ്ആര്‍ കോണ്‍ഗ്രസ്സിന്റെ വലയില്‍ ടിഡിപി വീണു. പ്രത്യേക പാക്കേജ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതാണെന്നും മോദി പറഞ്ഞു. 2024ലെങ്കിലും കോണ്‍ഗ്രസ്സിന് അവിശ്വാസപ്രമേയം കൊണ്ടുവരാനാവട്ടെ, ബിജെപി ഭരണം തുടരുമെന്നും പറഞ്ഞാണ് മോദി മറുപടി അവസാനിപ്പിച്ചത്.
അതിനിടെ, പ്രധാനമന്ത്രിയാവാന്‍ ചിലര്‍ ഇപ്പോഴേ കുപ്പായം തുന്നിയിട്ടുണ്ടെന്ന മോദിയുടെ പ്രസ്താവനയോടെ പ്രതിപക്ഷം സഭയില്‍ ബഹളം വച്ചു. എല്ലാവര്‍ക്കുമൊപ്പം, വികസനത്തിനൊപ്പം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യമെന്ന് പ്രധാനമന്ത്രി പറഞ്ഞതോടെ ഞങ്ങള്‍ക്ക് നീതിവേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം ഉച്ചത്തിലാക്കി. മോദിക്ക് അടുത്തേക്കു നീങ്ങിയ ടിഡിപി അംഗങ്ങളെ ബിജെപി തടഞ്ഞു. സഭയ്ക്കുള്ളില്‍ അംഗങ്ങള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രധാനമന്ത്രിയുടെ പ്രസംഗം അല്‍പസമയം തടസ്സപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it