wayanad local

ബിജെപി ബന്ധം; സിപിഎം ആരോപണം ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യമിട്ട്: ചെന്നിത്തല

കല്‍പ്പറ്റ: യുഡിഎഫിന് ബിജെപിയുമായി ബന്ധമുണ്ടെന്ന സിപിഎം ആരോപണം ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവച്ചാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ തിരഞ്ഞെടുപ്പ് കാലത്തും സിപിഎം ഉയര്‍ത്തിപ്പിടിക്കുന്നതാണ് യുഡിഎഫ്-ബിജെപി ബന്ധം. ദേശീയതലത്തില്‍ തന്നെ ബിജെപിയെ നേരിടാന്‍ ശക്തിയുള്ളതു കോണ്‍ഗ്രസ്സിന് മാത്രമാണ്.
കാലാകാലങ്ങളില്‍ ബിജെപിയുമായി ബന്ധമുണ്ടാക്കിയിട്ടുള്ളത് സിപിഎമ്മാണ്. ന്യൂനപക്ഷ വോട്ടുകള്‍ ലക്ഷ്യംവച്ചുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തില്‍ നടപ്പാവില്ലെന്നും ബിജെപിക്ക് അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു. സിപിഎമ്മില്‍ വിഭാഗീയത ആളിക്കത്തുകയാണ്. വിഎസ് പാര്‍ട്ടിവിരുദ്ധനാണെന്ന പിണറായിയുടെ നിലപാട് പിന്‍വലിക്കാത്തതാണ് അതിന്റെ ഏറ്റവും വലിയ തെളിവ്. അഭിപ്രായവ്യത്യാസവും തമ്മിലടിയും കാരണം പ്രതിസന്ധിയിലായ സിപിഎമ്മിന് ഒരു നല്ല സര്‍ക്കാരിന് നേതൃത്വം നല്‍കാന്‍ കഴിയില്ല.
യുഡിഎഫ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വികസനമാണ് യുഡിഎഫ് മുന്നോട്ടുവയ്ക്കുന്ന അജണ്ട. അതിന് പൊതുസമൂഹത്തില്‍ സ്വീകാര്യത ലഭിക്കുന്നുണ്ട്. തിരഞ്ഞെടുപ്പായിട്ട് പോലും പോലിസിനെതിരേ ഒരാരോപണവും ഇതുവരെ ഉയര്‍ന്നുവന്നിട്ടില്ല.
ക്രമസമാധാനപാലനത്തിലും കുറ്റം തെളിയിക്കുന്നതിലും കേരളം ഒന്നാമതാണ്. മാവോവാദി ഭീഷണിയെ ഫലപ്രദമായി നേരിടുന്നതില്‍ സര്‍ക്കാര്‍ വിജയിച്ചു. വികസനവും സുരക്ഷയും യുഡിഎഫ് സര്‍ക്കാരിന്റെ വിജയമാണ്. ഈ തിരഞ്ഞെടുപ്പിലും യുഡിഎഫ് വന്‍വിജയം നേടുമെന്നും ചെന്നിത്തല പറഞ്ഞു.
ഡിസിസി പ്രസിഡന്റ് കെ എല്‍ പൗലോസ്, കെപിസിസി സെക്രട്ടറി അഡ്വ. കെ ജയന്ത്, അംഗങ്ങളായ വി എ മജീദ്, കെ വി പോക്കര്‍ഹാജി, ഡിസിസി വൈസ് പ്രസിഡന്റ് എം എ ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it