ബിജെപി ബന്ധം: വിഎസിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരിലുള്ള നേതാക്കളുടെ വാക്‌പോര് തുടരുന്നു. കേരളത്തില്‍ യുഡിഎഫും ബിജെപിയും തമ്മിലാണ് മല്‍സരമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവനയെച്ചൊല്ലിയാണ് നവമാധ്യമങ്ങളിലൂടെ നേതാക്കളുടെ പോര് മുറുകിയത്. ബിജെപിക്ക് വഴികാട്ടുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് വിഎസ് ട്വിറ്ററിലൂടെ ഉന്നയിച്ച ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ചാണ്ടി ഫേസ്ബുക്കിലൂടെ രംഗത്തെത്തി. കേരള രാഷ്ട്രീയ ഭൂപടത്തില്‍ വേരുറപ്പിക്കാനാവാതെ നിന്ന ബിജെപിയെ ഇന്നത്തെ നിലയിലേക്ക് വളര്‍ത്തിയത് സിപിഎമ്മാണെന്ന് ഉമ്മന്‍ചാണ്ടി ഫേസ്ബുക്കില്‍ കുറിച്ചു. ഇത് തന്റെ വാദമല്ല. തിരഞ്ഞെടുപ്പ് കണക്കുകള്‍ പരിശോധിച്ചാല്‍ ആര്‍ക്കും ബോധ്യപ്പെടുന്ന വസ്തുതകളാണ്. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമം മണ്ഡലത്തില്‍ യുഡിഎഫിന് 17.38 ശതമാനം വോട്ട് ലഭിച്ചു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോള്‍ ഇത് 27.10 ശതമാനമായി ഉയര്‍ന്നു. ബിജെപിക്ക് 2011ലെ തിരഞ്ഞെടുപ്പില്‍ 37.49 ശതമാനം വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പായപ്പോള്‍ 42.10 ശതമാനമായി ഉയര്‍ന്നു. എന്നാല്‍, ഇക്കാലയളവില്‍ എല്‍ഡിഎഫിന് ലഭിച്ച വോട്ടുവിഹിതം 43.02 ശതമാനത്തില്‍നിന്നും 26.33 ശതമാനമായി കുത്തനെ ഇടിഞ്ഞു. എല്‍ഡിഎഫിന്റെ വോട്ട് കുത്തനെ ഇടിഞ്ഞപ്പോള്‍ അതില്‍നിന്നു നേട്ടമുണ്ടാക്കിയത് ബിജെപിയാണ്. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായ ഒ രാജഗോപാല്‍ 2,81,818 വോട്ട് പിടിച്ച് വിജയത്തിനരികെ വരെ എത്തിയത് ഇടതുപക്ഷം തീര്‍ത്തും ദുര്‍ബലനായ പേമെന്റ് സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചതുകൊണ്ടല്ലേയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ യുഡിഎഫിന് 49,817 വോട്ട് ലഭിച്ചു. ഇത് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 52,459 വോട്ടായി ഉയര്‍ന്നു. 2011ല്‍ ബിജെപിക്ക് 43,989 വോട്ട് ലഭിച്ചത് 2014ല്‍ 46,631 വോട്ടായി വര്‍ധിച്ചു. ഇക്കാലയളവില്‍ എല്‍ഡിഎഫിനു ലഭിച്ച വോട്ട് 35,067ല്‍നിന്നും 29,433 വോട്ടായി കുറഞ്ഞു. സിപിഎമ്മിലെ വോട്ട് ചോര്‍ച്ചയിലൂടെ ആര്‍ക്കാണ് നേട്ടമുണ്ടായതെന്നു വ്യക്തമാണ്. ഇത്തവണയും സിപിഎമ്മിന്റെ ജീര്‍ണതയും ഇരട്ടത്താപ്പും എണ്ണിപ്പറഞ്ഞാണ് ബിജെപി വോട്ട് പിടിച്ചുകൊണ്ടിരിക്കുന്നത്. യാഥാര്‍ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച്, യുഡിഎഫ്-ബിജെപി ബന്ധം ആരോപിക്കുന്ന സിപിഎമ്മിന്റെ പണി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it