ബിജെപി ബന്ധം; കെപിഎംഎസ് ടി വി ബാബു വിഭാഗത്തില്‍ കലഹം മൂര്‍ച്ഛിക്കുന്നു

തിരുവനന്തപുരം: ബിജെപി ബന്ധത്തിന്റെ പേരില്‍ കെപിഎംഎസ് ടി വി ബാബു വിഭാഗത്തില്‍ കലഹം മൂര്‍ച്ഛിക്കുന്നു. കെപിഎംഎസ് ജനറല്‍ സെക്രട്ടറി ടി വി ബാബുവിനെയും പ്രസിഡന്റ് എന്‍ കെ നീലകണ്ഠനെയും പുറത്താക്കിയെന്ന് വിമതവിഭാഗം പ്രഖ്യാപിച്ചതിന് പിന്നാലെ വിമതരെ പുറത്താക്കിയതായി ടി വി ബാബുവിനെ അനുകൂലിക്കുന്നവര്‍ ഇന്നലെ യോഗം ചേര്‍ന്നു പ്രഖ്യാപനം നടത്തി.
വെള്ളാപ്പള്ളിയോടൊപ്പം ചേര്‍ന്ന് ബിജെപിയുമായി ബാന്ധവമുണ്ടാക്കാനുള്ള കെപിഎംഎസ്സിന്റെ നീക്കം സംഘര്‍ഷത്തിലേക്കാണ് നീങ്ങുന്നത്. വിമതവിഭാഗം പിടിച്ചെടുത്ത സംസ്ഥാന കമ്മിറ്റി ഓഫിസ് തിരിച്ചുപിടിക്കാന്‍ ടി വി ബാബുവിഭാഗം ശ്രമം തുടരുകയാണ്. ഇന്നലെ വൈകീട്ട് അഞ്ചിന് മുമ്പ് ഓഫിസില്‍ നിന്ന് വിമതവിഭാഗത്തെ പുറത്താക്കിയില്ലെങ്കില്‍ ബലംപ്രയോഗിച്ച് ഓഫിസ് പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ജില്ലാ കലക്ടര്‍ ഇടപെട്ട് പിന്തിരിപ്പിച്ചു. അവധിയായതിനാല്‍ ചില സാങ്കേതിക തടസ്സം ഉണ്ടെന്നും ഇന്ന് രാവിലെ 11ന് മുമ്പ് പ്രശ്‌ന പരിഹാരമുണ്ടാക്കാമെന്നും അതുവരെ ഓഫിസിലേക്ക് പോവരുതെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചതിനെ തുടര്‍ന്ന് പിന്മാറുകയായിരുന്നുവെന്ന് ടി വി ബാബു വിഭാഗം വ്യക്തമാക്കി. ഇപ്പോള്‍ ഓഫിസിന് പോലിസ് സംരക്ഷണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം, കെപിഎംഎസ് ഓഫിസിന്റെ പൂട്ട് തകര്‍ത്ത് അതിക്രമിച്ച് കടന്ന് രേഖകള്‍ നശിപ്പിച്ചെന്ന് കാട്ടി ടി വി ബാബു വിഭാഗം അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഓഫിസ് പിടിച്ചെടുത്ത സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി എം വിനോദ്, ആര്‍ എല്‍ ശ്രീരഞ്ജന്‍, എസ് ആര്‍ അനില്‍കുമാര്‍, സി ഒ രാജന്‍, മുണ്ടുകോട്ടയ്ക്കല്‍ സുരേന്ദ്രന്‍ എന്നിവരെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായും ടി വി ബാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
48 അംഗ സംസ്ഥാന കമ്മിറ്റിയില്‍ 38 അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുത്തതായും 14 ജില്ലാ കമ്മിറ്റികളും 62 യൂനിയന്‍ കമ്മിറ്റികളും പിന്തുണ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
ഈമാസം ഒമ്പതിന് ജനറല്‍ ബോഡി യോഗം വിളിച്ചു ചേര്‍ത്ത് പുറത്താക്കല്‍ നടപടിക്ക് അംഗീകാരം നല്‍കുമെന്നും ബാബു പറഞ്ഞു. കായല്‍ സമ്മേളന അനുസ്മരണ ചടങ്ങില്‍ നരേന്ദ്ര മോദിയെ ക്ഷണിച്ചതു മുതല്‍ കെപിഎംഎസ് ടി വി ബാബു വിഭാഗത്തില്‍ ഉടലെടുത്ത ഭിന്നതയാണ് ഓഫിസ് പിടിച്ചെടുക്കലിലേക്കും പുറത്താക്കലിലേക്കും എത്തിനില്‍ക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡന്റായ കുമ്മനം രാജശേഖരന്‍ കഴിഞ്ഞദിവസം സംസ്ഥാന കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ചതോടെയാണ് പൊട്ടിത്തെറി രൂക്ഷമായത്.
Next Story

RELATED STORIES

Share it