ബിജെപി പ്രേമം; ഗോത്രമഹാസഭ ജാനുവിനെ കൈയൊഴിയുന്നു

ജംഷീര്‍ കൂളിവയല്‍

കല്‍പ്പറ്റ: എന്‍ഡിഎ സ്ഥാനാര്‍ഥിയാവാനുള്ള മുത്തങ്ങ സമരനായിക സി കെ ജാനുവിന്റെ നിലപാടിനെ തുടര്‍ന്ന് ഗോത്രമഹാസഭയില്‍ ഭിന്നിപ്പ്. വയനാട്ടിലെ സുല്‍ത്താന്‍ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി സി കെ ജാനു മല്‍സരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.
ജാനുവിന്റെ തീരുമാനം തീര്‍ത്തും വ്യക്തിപരമാണെന്ന് ഗോത്രമഹാസഭ കോ-ഓഡിനേറ്ററും സ്ഥാപക നേതാക്കളിലൊരാളുമായ ഗീതാനന്ദന്‍ പറഞ്ഞു. മല്‍സരിക്കാനുള്ള തീരുമാനം ശരിയല്ലെന്നാണ് ഗോത്രമഹാസഭയുടെ അഭിപ്രായം.
പേരും പ്രശസ്തിയും ഒറ്റയ്ക്ക് നടത്തിയ പോരാട്ടത്തിന്റെ ഭാഗമല്ല. രാഷട്രീയ-രാഷ്ട്രീയേതര പ്രസ്ഥാനങ്ങളും വ്യക്തികളും പിന്തുണച്ച് നടത്തിയ ജനകീയ പോരാട്ടങ്ങളാണ് ജാനുവിനെ ഇന്നത്തെ ജാനുവാക്കിയത്. ഇതെല്ലാം മറന്ന് ബിജെപിക്കൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നില്ല. ജാനുവിന്റെ നിലപാടുകളോ രാഷ്ട്രീയമോ അല്ല ബിജെപിക്ക് ആവശ്യം. ആദിവാസിപക്ഷ പോരാട്ടങ്ങളിലൂടെ ജാനുവിന് ലഭിച്ച 'ഇമേജ്' തിരഞ്ഞെടുപ്പില്‍ ഉപയോഗപ്പെടുത്തുക മാത്രമാണ്. മല്‍സരിക്കാന്‍ തീരുമാനമെടുത്തിട്ടുണ്ടെങ്കില്‍ അതില്‍നിന്നു പിന്‍മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഗോത്രമഹാസഭ രൂപം നല്‍കിയ രാഷ്ട്രീയ പാര്‍ട്ടിയായ ജനാധിപത്യ ഊര് വികസനമുന്നണിയുടെ സംസ്ഥാനസമിതി യോഗം ഒമ്പത്, പത്ത് തിയ്യതികളില്‍ കോട്ടയത്ത് ചേരും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സംബന്ധിച്ച് യോഗത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് ഗീതാനന്ദന്‍ അറിയിച്ചു.
അതിനിടെ, ഗീതാനന്ദനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ജാനു രംഗത്തെത്തി. ഗോത്രമഹാസഭയുടെ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ ആദിവാസി പോലുമല്ലാത്ത ഗീതാനന്ദന് അവകാശമില്ല. എന്‍ഡിഎ മുന്നണിയില്‍ ഘടകകക്ഷിയായി ആദിവാസി ഊര് വികസന മുന്നണിയെ ഉള്‍പ്പെടുത്തിയാല്‍ സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മല്‍സരിക്കും.
ബിജെപിയുടെ ഫാഷിസ്റ്റ് സമീപനം നിഷേധിക്കുന്നില്ല. എല്ലാ പാര്‍ട്ടികളും ആദിവാസികളോട് അവഗണനയാണ് തുടരുന്നതെന്നും ജാനു പറഞ്ഞു.
Next Story

RELATED STORIES

Share it