thrissur local

ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: നാലു സിപിഎം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കൊടുങ്ങല്ലൂര്‍: എടവിലങ് കുഞ്ഞയിനിയില്‍ കഴിഞ്ഞ മാസം 19ന് നടന്ന തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയില്‍ ബിജെപി പ്രവര്‍ത്തകന്‍ വല്ലത്ത് പ്രമോദ് കൊലചെയ്യപ്പെട്ട കേസില്‍ നാലു സിപിഎം പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തു. ശ്രീനാരായണപുരം സ്വദേശികളായ ടുട്ടു എന്ന രജിന്‍(32), കാട്ടുപറമ്പില്‍ മനോഹരന്‍ എന്ന മധു(42), വടക്കേവീട്ടില്‍ സിയാദ് അലി(36), തലക്കാട്ട് മിഥുന്‍ എന്ന കണ്ണന്‍(25) എന്നിവരെ കൊടുങ്ങല്ലൂര്‍ സിഐ സിബി ടോം സംഘവും മുരിയംതോട് എന്ന സ്ഥലത്തു വച്ച് പുലര്‍ച്ചെ രണ്ടു മണിക്ക് കസ്റ്റഡിയിലെടുത്തത്.
പ്രതികളില്‍ പെരിഞ്ഞനം സ്വദേശി പുഴങ്കരയില്ലത്ത് ഷാഹിര്‍(40) എന്നയാള്‍ ഗള്‍ഫിലേക്ക് കടന്നതായി പോലിസ് പറഞ്ഞു. ടിയാനെ പിടിക്കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നതായും കൂടുതല്‍ പ്രതികള്‍ സംഭവവുമായി പിടിക്കപ്പെടാനുണ്ടെന്നും സിഐ സിബി ടോം പറഞ്ഞു. പ്രതികളുടെ സ്വിഫ്റ്റ് കാര്‍ തൃപ്രയാറില്‍ പാര്‍ക്ക് ചെയ്തിട്ടുള്ളതായി ഇരിങ്ങാലക്കുട ഡിവൈഎസ്പി എസ് ടി സുരേഷ്‌കുമാറിന് രഹസ്യ വിവരം കിട്ടിയതിനെ തുടര്‍ന്ന് പ്രതികളില്‍ നാലു പേരെ കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞത്. സംഭവത്തിനു ശേഷം പ്രതികള്‍ തമിഴ്‌നാട്, ബാംഗ്ലൂര്‍, ബെല്ലാരി, അനന്തപുരൂര്‍, മണിപ്പാല്‍, മംഗലാപുരം എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്നതായും പോലിസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി കാര്‍ത്തികിന്റെ നേതൃത്വത്തില്‍ 25ഓളം പേരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിക്കു ന്നത്.
പ്രതികള്‍ക്ക് ബാംഗ്ലൂരില്‍ താമസ സൗകര്യം ഒരുക്കി കൊടുത്ത കുറ്റത്തിന് കുളിമുട്ടം സ്വദേശി തറയില്‍ വിഷ്ണു(27)നെ ഒരാഴ്ച്ച മുമ്പ് പോലിസ് അറസ്റ്റ് ചെയ്ത് റിമാന്റില്‍ കഴിയുകയാണ്. കഴിഞ്ഞ മാസം 19ന് തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടയില്‍ പ്രമോദിനെ ഇഷ്ടിക കൊണ്ട് തലക്കടിച്ചതിനാലാണ് മരണപ്പെട്ടത്. തിരഞ്ഞെടുപ്പിന് ഒരാഴ്ച്ച മുമ്പാണ് പ്രമോദ് നാട്ടില്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് ജില്ലയില്‍ ബിജെപിക്കാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും കൊടുങ്ങല്ലൂരില്‍ പരക്കെ ആക്രമണം നടക്കുകയും ചെയ്തിരുന്നു.
വിവിധ കേന്ദ്രങ്ങളില്‍ കടകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ അക്രമം നടന്നു. ബിജെപിക്കാരുടേയും സിപിഎംകാരുടേയും വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നേലെ കല്ലേറും നടന്നിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ കൊടുങ്ങല്ലൂര്‍, മതിലകം പോലിസ് സ്റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ജനജീവിതത്തെ ദുസഹമാക്കിയ സംഭവങ്ങള്‍ക്കൊടുവില്‍ പ്രതികള്‍ അറസ്റ്റിലാവുന്നതോടെ ജനങ്ങള്‍ ആശ്വാസത്തിലാണ്. വീടുകളും വാഹനങ്ങളും തകര്‍ത്തവരെ കണ്ടെത്താന്‍ പോലിസിന് ഇതുവരേയും കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it