ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകം; നാലുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ അത്താഴക്കുന്ന് പുല്ലൂപ്പിക്കടവ് ലക്ഷംവീട് കോളനിയിലെ ബിജെപി പ്രവര്‍ത്തകന്‍ കല്ലേന്‍ അജിത്ത് (38) തലയ്ക്കടിയേറ്റു മരിച്ച സംഭവത്തി ല്‍ നാലുപേരെ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തു. കൊറ്റാളി വെള്ളുവക്കണ്ടി ഹൗസില്‍ വി നിയാസ് (19), ആറ്റടപ്പ മൊട്ടമ്മല്‍ ഹൗസില്‍ നമിത്ത് ബാലകൃഷ്ണന്‍ (23), കൊറ്റാളി തട്ടാന്‍ ഹൗസില്‍ പി മുകേഷ് (28), കൊറ്റാളി അംബേദ്കര്‍ കോളനിയിലെ പനയന്‍ ഹൗസില്‍ കെ റനീഷ് (27) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ പെയിന്റിങ് തൊഴിലാളികളാണ്.
തിങ്കളാഴ്ച വൈകീട്ട് 6.30ഓടെ പുല്ലൂപ്പിക്കടവിനു സമീപത്തെ ഉപയോഗശൂന്യമായ ജെല്ലിക്കമ്പനി കെട്ടിടത്തിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം ഉച്ചയോടെ മുഴപ്പിലങ്ങാട് ബീച്ചില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. അക്രമത്തിനുപയോഗിച്ച നഞ്ചക്ക്, ഇരുമ്പുവടി എന്നിവ കണ്ടെടുത്തു. ഒരുമാസം മുമ്പു കൊല്ലപ്പെട്ട അജിത്തിന്റെ സുഹൃത്ത് രാജേഷും നിയാസും തമ്മില്‍ മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ഡിവൈഎസ്പി കെ കെ മൊയ്തീന്‍കുട്ടി പറഞ്ഞു. കൊലപാതകം നടന്ന ദിവസം വൈകീട്ട് നാലിന് പുല്ലൂപ്പിക്കടവില്‍വച്ച് നിയാസ്, രാജേഷ്, കൊല്ലപ്പെട്ട അജിത്ത് എന്നിവര്‍ തമ്മില്‍ വാക്കുതര്‍ക്കം നടന്നിരുന്നു. ഇതിനിടെ നമിത്തിനെ നിയാസ് വിളിച്ചുവരുത്തുകയും അജിത്തിനെയും രാജേഷിനെയും ആക്രമിക്കുകയുമായിരുന്നു.
അക്രമത്തിനിടെ രാജേഷ് ഓടിരക്ഷപ്പെട്ടു. എന്നാല്‍, അജിത്തിനെ നിയാസും മറ്റുള്ളവരും ചേര്‍ന്ന് ഇരുമ്പുവടി, നഞ്ചക്ക് എന്നിവകൊണ്ട് ആക്രമിച്ചു. പരിക്കേറ്റ് അജിത്ത് വീണതോടെ പ്രതികള്‍ ഓടിരക്ഷപ്പെട്ടു. ബഹളംകേട്ടെത്തിയ സമീപവാസികള്‍ അജിത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഘര്‍ഷത്തിനിടെ നിയാസിന് നിസാര പരിക്കേറ്റിരുന്നു. ഇതിനു ചികില്‍സിക്കാനായി നിയാസും മറ്റുള്ളവരും ജില്ലാ ആശുപത്രിയില്‍ ചെന്നപ്പോഴാണ് അജിത്ത് മരിച്ചവിവരം അറിഞ്ഞത്. ഇതേത്തുടര്‍ന്ന് പ്രതികള്‍ സ്ഥലംവിടുകയായിരുന്നു. ഡിവൈഎസ്പിക്കു പുറമെ സിഐ ആസാദ്, എസ്പിയുടെ സ്‌ക്വാഡ് അംഗങ്ങള്‍ എന്നിവരും അന്വേഷണ സംഘത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it