Alappuzha local

ബിജെപി പിന്തുണ; കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചേക്കും

കായംകുളം: ബിജെപി പിന്തുണയോടെ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവച്ചേക്കും. കൃഷ്ണപുരം ഗ്രാമപ്പഞ്ചായത്തിലെ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ യുഡിഎഫും ബിജെപിയും തമ്മിലുണ്ടായ ധാരണ വിവാദമായതിനെ തുടര്‍ന്ന് കെപിസിസിയും ഡിസിസിയും പ്രശ്‌നത്തിലിടപ്പെട്ടു.
ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ചിറപ്പുറത്ത് മുരളി കോണ്‍ഗ്രസ് അംഗങ്ങളോട് വിശദീകരണം ആവശ്യപ്പെട്ടു. കെപിസിസി നിര്‍ദേശത്തിനു വിരുദ്ധമായാണ് ഇവിടെ യുഡിഎഫ് അംഗങ്ങള്‍ ബിജെപിയുടെ വോട്ടുനേടി വിജയിച്ചത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ബിജെപിയുടെ സഹായം തേടിയിട്ടില്ലെന്ന് ചിറപ്പുറത്ത് മുരളി പറഞ്ഞു.
വികസന, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മറ്റികളിലേക്ക് മല്‍സരമില്ലാതെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ വിജയിച്ചതെന്നും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് യുഡിഎഫ് അംഗങ്ങള്‍ ജെഡിയുവിലെ എം വി ശ്യാമിനും വയലില്‍ സന്തോഷിനും വോട്ടുചെയ്തപ്പോള്‍ ബിജെപി അംഗങ്ങള്‍ യുഡിഎഫിനു വോട്ടു ചെയ്യുകയായിരുന്നുവെന്നും മുരളി വ്യക്തമാക്കി.
ബിജെപി പിന്തുണയോടെ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരോട് അടിയന്തിരമായി മറുപടി നല്‍കണമെന്നും മുരളി ആവശ്യപ്പെട്ടു. മറുപടി ലഭിച്ച ശേഷം ഇവര്‍ക്കെതിരേ എന്തു നടപടി എടുക്കണമെന്ന് പാര്‍ട്ടി നേതൃത്വം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ജില്ലയില്‍ പലയിടങ്ങളിലും കോണ്‍ഗ്രസ്- ബിജെപി കൂട്ടുകെട്ട് വ്യാപകമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. ജില്ലയിലെ വിവധ പഞ്ചായത്തുകളില്‍ സ്റ്റാന്റിങ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സും ബിജെപിയും ഐക്യമുന്നണികളായി മല്‍സരിക്കാന്‍ തയ്യാറായി. 26ന് കൃഷ്ണപുരം പഞ്ചായത്തിലും 27ന് ചേന്നംപള്ളിപ്പുറം പഞ്ചായത്തിലും നടന്ന സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ഇരുകൂട്ടരും ഒരുമിച്ച് നിന്ന് സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മല്‍സരിച്ചു.
ബിജെപിയുമായി ഇതാദ്യമായല്ല ജില്ലയില്‍ കോണ്‍ഗ്രസ് അവിഹിത കൂട്ടുകെട്ട് ഉണ്ടാക്കുന്നത്. പുലിയൂര്‍, ആലാ സര്‍വീസ് സഹകരണ ബാങ്കുകള്‍ ഇപ്പോള്‍ കോണ്‍ഗ്രസ് - ബിജെപി മുന്നണിയാണ് ഭരിക്കുന്നത്. ഈ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ പലസ്ഥലത്തും രഹസ്യമായും പരസ്യമായും ഈ ബന്ധം ഉണ്ടായിരുന്നതായി സജി ചെറിയാന്‍ ആരോപിച്ചു.
കൃഷ്ണപുരം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പില്‍ ഉണ്ടായ യുഡിഎഫ് ബിജെപി കൂട്ടുകെട്ട് സംസ്ഥാന തലത്തില്‍ വരാന്‍പോകുന്ന സഖ്യത്തിന്റെ ആദ്യ ചുവടുവെപ്പാണെന്ന് സിപിഎം കായംകുളം ഏരിയാ കമ്മിറ്റി ആരോപിച്ചു. കോണ്‍ഗ്രസ്സിന്റേയും ബിജെപി യുടേയും ചില ജില്ലാതല നേതാക്കളുടെ അറിവോടുകൂടിയാണ് ഈ സഖ്യം രൂപംകൊണ്ടതെന്ന് ഏരിയാ സെക്രട്ടറി കെ എച്ച് ബാബുജാന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it