ബിജെപി നേതൃത്വത്തിനെതിരേ വീണ്ടും പരസ്യപ്രസ്താവന

സിദ്ദീഖ് കാപ്പന്‍

ന്യൂഡല്‍ഹി: ബിഹാര്‍ അസംബ്ലി തിരഞ്ഞെടുപ്പിലേറ്റ വന്‍ പരാജയത്തിനു പിന്നാലെ ബിജെപിയിലെ മോദി-അമിത്ഷാ നേതൃത്വത്തിനെതിരേ പാര്‍ട്ടിയില്‍ ഉയര്‍ന്ന വിമതനീക്കങ്ങള്‍ ശക്തമായി തുടരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എംപിയുമായ ശത്രുഘ്‌നന്‍ സിന്‍ഹ പാര്‍ട്ടി വിലക്കുകള്‍ ലംഘിച്ച് ഇന്നലെ വീണ്ടും പരസ്യപ്രസ്താവന നടത്തി. തോല്‍വിയുടെ ഉത്തരവാദിത്തം കേന്ദ്രനേതൃത്വം ഏറ്റെടുക്കണമെന്ന് സിന്‍ഹ ആവര്‍ത്തിച്ചു. ബിഹാറിലേത് അപമാനകരമായ തോല്‍വിയാണ്. ഇത് അത്യന്തം ദുഃഖമുണ്ടാക്കുന്നതാണ്. തോല്‍വിയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒളിച്ചോടാന്‍ ആര്‍ക്കും കഴിയില്ല. മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി തന്നെ പരിഗണിച്ചിരുന്നെങ്കില്‍ ബിജെപി പരാജയപ്പെടില്ലായിരുന്നെന്നു താന്‍ അഭിപ്രായപ്പെട്ടിട്ടില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ പങ്കെടുപ്പിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ വ്യത്യസ്തമാകുമായിരുന്നു എന്നു മാത്രമാണു പറഞ്ഞത്. മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അതിത്ഷായെയും രൂക്ഷമായി വിമര്‍ശിച്ച് ബിഹാറില്‍നിന്നുള്ള പാര്‍ലമെന്റ് അംഗം ഭോല സിങും രംഗത്തെത്തി. ആരാണീ അമിത്ഷാ എന്ന് ചോദിച്ച ഭോലസിങ്, ഒന്നുകില്‍ അമിത്ഷാ വിശദീകരണത്തിനു തയ്യാറാവണമെന്നും അല്ലെങ്കില്‍ രാജിവച്ച് പുറത്തുപോവണമെന്നും ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും ഒറ്റയ്‌ക്കെടുത്ത ഉന്നത നേതാക്കള്‍ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍കൂടി തയ്യാറാവണം. പാര്‍ട്ടി അംഗങ്ങളോട് തോല്‍വിയുടെ കാരണങ്ങള്‍ വിശദീകരിക്കാന്‍ അവര്‍ ബാധ്യസ്ഥരാണ്. ഇതു സ്വീകാര്യമല്ലെങ്കില്‍ പാര്‍ട്ടിസ്ഥാനങ്ങള്‍ ഒഴിയണം. ബിഹാറിലെ ബേഗുസറായില്‍നിന്നുള്ള ബിജെപി എംപിയാണ് ഭോലസിങ്. അമിത്ഷായെയും നരേന്ദ്രമോദിയെയും വിശ്വാസത്തിലെടുത്താണ് പാര്‍ട്ടി അവരെ ചുമതലകള്‍ ഏല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയെ അര്‍ബുദം ബാധിച്ചിരിക്കുകയാണ്. അതു നീക്കംചെയ്യേണ്ടതുണ്ട്. സംവരണവുമായി ബന്ധപ്പെട്ട ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവന തിരഞ്ഞെടുപ്പില്‍ പ്രതികൂലമായി ബാധിച്ചു. ബിജെപിയുടെ പ്രതീക്ഷകള്‍ക്കു മുകളില്‍ കൊടുങ്കാറ്റുപോലെയാണ് ഭാഗവതിന്റെ പ്രസ്താവന വന്നുപതിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നരേന്ദ്രമോദിയുടെ പ്രകടനം പ്രാദേശികനേതാക്കളുടെ നിലവാരത്തിലേക്ക് താഴ്ന്നു. ലാലുപ്രസാദിനെയും അദ്ദേഹത്തിന്റെ മകളെയും മോദി അപമാനിച്ചു. നിതീഷിന്റെ ഡിഎന്‍എയെ ചോദ്യംചെയ്തു. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളുടെ ഒരാവശ്യവുമില്ലായിരുന്നു. പാകിസ്താനുമായി ബന്ധപ്പെടുത്തി അമിത്ഷാ നടത്തിയ പ്രസ്താവനയും ഒഴിവാക്കാമായിരുന്നു. ബിജെപി ഏതാനും ചില നേതാക്കളിലേക്ക് ഒതുങ്ങിയെന്നും പാര്‍ട്ടിക്ക് മുമ്പുണ്ടായിരുന്ന പൊതുസമ്മതി നഷ്ടപ്പെട്ടുവെന്നുമുള്ള മുതിര്‍ന്ന നേതാവ് അഡ്വാനി അടക്കമുള്ളവരുടെ അഭിപ്രായത്തോട് യോജിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, തനിക്കെതിരേ പാര്‍ട്ടിയില്‍നിന്നു നടപടി ഉണ്ടാവുന്നതിനെ ഭയപ്പെടുന്നില്ലെന്നും ഭോലസിങ് കൂട്ടിച്ചേര്‍ത്തു.
അതെസമയം ബിഹാറില്‍ പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് നേതൃത്വത്തെ വിമര്‍ശിച്ച മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ നടപടിയെടുക്കുന്നതു സംബന്ധിച്ച് ബിജെപി നേതാക്കള്‍ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചു. നിരുത്തരവാദപരമായ പ്രസ്താവന നടത്തിയ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്ന് നിതിന്‍ ഗഡ്കരി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഗഡ്കരിയുടെ ആവശ്യത്തോട് വിയോജിച്ചു. അദ്വാനിയും മുരളി മനോഹര്‍ ജോഷിയും പരിചയസമ്പന്നരായ നേതാക്കളാണ്. ബിജെപിയുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിച്ച അവരുടെ അഭിപ്രായം പാര്‍ട്ടി ശ്രദ്ധിക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it