kozhikode local

ബിജെപി നേതാവിന്റെ വീടിനു ബോംബേറ് ; ആയഞ്ചേരിയില്‍ ഹര്‍ത്താല്‍



വടകര: ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് രാമദാസ് മണലേരിയുടെ വീടിനു നേരെ ബോംബെറ്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് ആയഞ്ചേരി ടൗണിനു സമീപത്തെ രാമദാസ് മണലേരിയുടെ വീടിനു നേരെ ബോംബേറുണ്ടായത്.  മുന്‍ ഭാഗം വാതില്‍ പാടേ തകര്‍ന്നു. തൊട്ടടുത്ത ഓഫിസ് മുറിയുടെ വാതിലിനും കേടുപറ്റി. വീട്ടിനകത്തെ ഷോക്കേസിന്റെ ഗ്ലാസ് സ്‌ഫോടനത്തില്‍ തകര്‍ന്നു. ഫര്‍ണിച്ചറുകള്‍ക്കും കേടുപറ്റി. ബൈക്കിലെത്തിയവരാണ് അക്രമം നടത്തിയതെന്നു കരുതുന്നു. രാമദാസും കുടുംബവും വീട്ടിലുണ്ടായിരുന്നു. ആളപായമില്ല. വിവരമറിഞ്ഞ് റൂറല്‍ എസ്പി കെ പുഷ്‌കരന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി.  അക്രമത്തിനു പിന്നില്‍ സിപിഎമ്മാണെന്നു ബിജെപി നേതൃത്വം ആരോപിച്ചു. വീടിനുനേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ആയഞ്ചേരിയില്‍ ഹര്‍ത്താലാചരിച്ചു.   ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് യുവമോര്‍ച്ച സംസ്ഥാന ജന. സെക്രട്ടറി പ്രഫുല്‍ കൃഷ്ണയുടെ കടമേരിയിലെ വീടിനുനേരെ  പെട്രോള്‍ ബോംബെറിയുകയും ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്റെ വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുതകര്‍ക്കുകയും ചെയ്തിരുന്നു. രാമദാസിന്റെ വീടിനുനേരെ ബോംബെറിഞ്ഞ പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലിസ് പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വി ഗോപാലകൃഷ്ണന്‍, ഹിന്ദു ഐക്യവേദി നേതാവ് ജിജേന്ദ്രന്‍, എം മോഹനന്‍ മാസ്റ്റര്‍, വി കെ സജീവന്‍ തുടങ്ങിയ നേതാക്കള്‍ വീട് സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it