thrissur local

ബിജെപി നേതാക്കളുടെ കള്ളനോട്ട് കേസില്‍ ദുരൂഹതകളേറെ



തൃശൂര്‍: കള്ളനോട്ട് കേസില്‍ അറസ്റ്റിലായ ബിജെപി നേതാക്കളുടെ ഇടക്കിടേയുള്ള ഡല്‍ഹി യാത്രകളും ആഢംബര ജീവിതവും ചര്‍ച്ചയാവുന്നു. കൈപ്പമംഗലത്തു നിന്നും കള്ളനോട്ടും അച്ചടിയന്ത്രവും പിടിച്ചെടുത്ത സംഭവത്തിലെ പ്രതികളായ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ അന്തര്‍സംസ്ഥാന കള്ളനോട്ടടി സംഘത്തിലെ പ്രധാനികളെന്നും സൂചനയുണ്ട്. സമൂഹത്തില്‍ സാധാരണക്കാരായി ജീവിച്ചു വന്ന സഹോദരങ്ങളായ രാജീവും രാജേഷും രണ്ടുവര്‍ഷം മുമ്പുള്ള ഡല്‍ഹിയാത്രയോടെയാണ് സമ്പത്തിന്റെ ഉന്നതിയിലേക്കുയര്‍ന്നത്. ഡല്‍ഹി യാത്രയ്ക്കു ശേഷം ബിജെപി പ്രവര്‍ത്തകരായി മാറിയ ഇവര്‍ പലിശയ്ക്കു പണം നല്‍കലും ഗുണ്ടായിസവുമായി നാട്ടില്‍ സജീവമാകുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. കേസിലെ പ്രധാന പ്രതിയായ ബിജെപി ഒബിസി മോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജീവ് ഇപ്പോഴും ഒളിവിലാണ്. രണ്ടുവര്‍ഷം മുമ്പ് കേന്ദ്രസര്‍ക്കാര്‍ ജോലി കിട്ടി എന്നു എന്നുപറഞ്ഞാണ് രാജീവ് ഡല്‍ഹിയിലേക്ക് പോയത്. ആറു മാസത്തിനു ശേഷം തിരിച്ചെത്തിയ ഇയാള്‍ വീട്ടിനുള്ളിലാണ് കൂടുതല്‍ സമയവും ചെലവഴിച്ചിരുന്നതെന്നും നാട്ടുകാര്‍ പറയുന്നു. തിരിച്ചു ഡല്‍ഹിക്കു പോകുന്നില്ലേ എന്ന ചോദ്യത്തിനു വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയാകും എന്ന മറുപടിയാണ് രാജീവ് നല്‍കിയിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. എങ്കിലും മാസത്തില്‍ ഏതാനും ദിവസങ്ങള്‍ ഡല്‍ഹിയിലേക്കു പോകുന്നുവെന്നു പറഞ്ഞ് രാജീവും രാഗേഷും നാട്ടില്‍ നിന്നും അപ്രത്യക്ഷമാകറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.കള്ളനോട്ടു കേസില്‍ പിടിയിലായ രാഗേഷ് കുറച്ചു കാലം ഗള്‍ഫിലായിരുന്നു. ഗള്‍ഫില്‍ നിന്നും തിരിച്ചുവന്നശേഷം ബിജെപിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായി മാറുകയായിരുന്നുവെന്നും നാട്ടുകാര്‍ വ്യക്തമാക്കുന്നു. നാട്ടില്‍ പ്രവര്‍ത്തന രഹിതമായിരുന്ന ബിജെപിയെ ഉണര്‍ത്തിയെടുത്തതും ഇവരാണ്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചരണത്തിനായി പണം മുടക്കിയതും രാജീവും രാഗേഷുമായിരുന്നു. കള്ളപ്പണമാണ് തെരഞ്ഞെടുപ്പിലും മറ്റു കാര്യങ്ങള്‍ക്കും ഉപയോഗിച്ചതെന്നാണ് നാട്ടുകാരുടെ ഇപ്പോഴത്തെ സംശയം. നാട്ടില്‍ ഇവരുടെ സുഹൃത്തുക്കളുടെ നേരേയും പൊലിസിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഇവരില്‍ പലരേയും രാജീവും രാഗേഷും സാമ്പത്തികമായി സഹായിച്ചുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്ക് എന്‍ഫീല്‍ഡു പോലുള്ള വാഹനങ്ങള്‍ ഇവര്‍ വാങ്ങി നല്‍കിയിരുന്നുവെന്നും സൂചനയുണ്ട്. തങ്ങളുടെ കുറ്റകൃത്യങ്ങള്‍ മറയ്ക്കാനും സമൂഹത്തില്‍ ഒരു സ്വാധീനമുണ്ടാക്കിയെടുക്കാനുമാണ് ഇവര്‍ ബിജെപിയിലെത്തിയത്. ഇതിനിടെ കഴിഞ്ഞ തെരഞ്ഞെടുപ്പു സമയത്ത് നാട്ടിലുണ്ടായ അക്രമസംഭവങ്ങള്‍ക്കു പിറകില്‍ ഇവരായിരുന്നുവെന്നും നാട്ടുകാര്‍ വെളിപ്പെടുത്തുന്നു.ബിജെപി നേതാക്കളുടെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയുടെ പിറകിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും അവര്‍ ആവശ്യപ്പെടുന്നു. ഇവരുടെ നാട്ടിലെ സുഹൃത്തുക്കള്‍ പലരും ഒളിവിലാണ്. ഈ സംഭവത്തില്‍ സുഹൃത്തുക്കളുടെ പങ്ക് അന്വേഷിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it