ബിജെപി ദേശീയ നിര്‍വാഹക സമിതി തുടങ്ങി; അമിത് ഷാ ഉദ്ഘാടനം ചെയ്തു

അലഹബാദ്: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം തുടങ്ങി. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന യോഗം ഉദ്ഘാടനം ചെയ്തത് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി എന്‍ഡിഎ സര്‍ക്കാരിന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക നേതൃത്വം നല്‍കിവരുകയാണെന്ന് അദ്ദേഹം പറഞ്ഞു. വികസനത്തിന്റെ വഴി ആവര്‍ത്തിച്ച് തടസ്സപ്പെടുത്തുന്നതു കൊണ്ടാണ് കോണ്‍ഗ്രസ് കൂടുതല്‍കൂടുതല്‍ ദുര്‍ബലമാവുന്നത്.
ഉത്തര്‍പ്രദേശിലെ അവികസിതാവസ്ഥയും ഭരണരാഹിത്യവും ആശങ്കയുണര്‍ത്തുന്നതാണ്. അക്രമത്തിന്റെ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്ന് ഷാ പറഞ്ഞു. പ്രവര്‍ത്തകര്‍ക്കു നേരേയുള്ള അക്രമങ്ങള്‍ക്കെതിരേ പാര്‍ട്ടി ഒറ്റക്കെട്ടായി നിലകൊള്ളും. കേരളത്തിലെ അക്രമങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്.
ജനാധിപത്യത്തില്‍ അക്രമങ്ങള്‍ക്കു സ്ഥാനമുണ്ടാവരുതെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് നരേന്ദ്ര മോദി എത്തിയത്. തുടര്‍ന്ന് പാര്‍ട്ടി ദേശീയ ഭാരവാഹികളുടെ യോഗം ചേര്‍ന്നു. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തന്ത്രങ്ങള്‍ സമ്മേളനത്തില്‍ ആവിഷ്‌കരിക്കും. നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുമെങ്കിലും യുപി തിരഞ്ഞെടുപ്പായിരിക്കും മുഖ്യ ചര്‍ച്ചാവിഷയം. യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന് സമ്മേളനം തീരുമാനിക്കാനിടയില്ലെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
Next Story

RELATED STORIES

Share it