ബിജെപി-ആര്‍എസ്എസ് തര്‍ക്കം മുറുകുന്നു

കൊച്ചി: തൃപ്പൂണിത്തുറയില്‍ ക്രിക്കറ്റ് താരം ശ്രീശാന്തിനെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനത്തിനെതിരേ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിരഭിപ്രായം. മഹാരാജാസ് മുന്‍ കോളജ് അധ്യാപകനും പണ്ഡിതനും എഴുത്തുകാരനുമായ പ്രഫ. തുറവൂര്‍ വിശ്വംഭരനെ മാറ്റി ശ്രീശാന്തിനെ ഇവിടെ മല്‍സരിപ്പിക്കാന്‍ തയാറാവരുതെന്ന് ആര്‍എസ്എസ് സംസ്ഥാന സമിതി ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടു. തുറവൂര്‍ വിശ്വംഭരന്‍ ഇതിനോടകം മണ്ഡലത്തില്‍ സജീവമാവുകയും ചെയ്തതായി ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ബിജെപി സംസ്ഥാന നേതൃത്വത്തിനും അദ്ദേഹത്തോടു മല്‍സരരംഗത്തു നിന്ന് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുന്നതു ബുദ്ധിമുട്ടായിരിക്കും. അതേസമയം, തൃപ്പൂണിത്തുറയില്‍ ശ്രീശാന്തിനെ തന്നെ മല്‍സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ അമിത് ഷായ്ക്ക് ഇ മെയില്‍ സന്ദേശമയച്ചു. വിഷയത്തില്‍ ശ്രീശാന്ത് സംസ്ഥാന നേതാക്കളോടൊപ്പം അമിത് ഷായെ സന്ദര്‍ശിക്കും. നേരത്തേയും തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ആര്‍എസ്എസും ബിജെപിയും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു. ബിജെപിയിലെ ചില അംഗങ്ങള്‍ തന്നെ രാജിവയ്ക്കുമെന്ന നിലയിലേക്ക് ചര്‍ച്ചകള്‍ പോയിരുന്നു. ഇതിന് തുടര്‍ച്ചയാണ് ഇപ്പോഴത്തെ സംഭവങ്ങളും. ഇത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സാധ്യതകളെ ബാധിക്കുമെന്ന് വിലയിരുത്തല്‍ ഉണ്ട്. ശ്രീശാന്തിനെ മല്‍സരിപ്പിച്ചില്ലെങ്കില്‍ രാജിവച്ചേക്കുമെന്നുമുള്ള ചില ഭീഷണികള്‍ ബിജെപി നേതാക്കള്‍ മുന്നോട്ടുവച്ചതായാണ് അറിയുന്നത്. തൃപ്പൂണിത്തുറ നഗരസഭയിലെ ബിജെപിയുടെ കൗണ്‍സിലര്‍മാരില്‍ ഭൂരിപക്ഷവും രാജിസന്നദ്ധതയും നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.അതെസമയം ശ്രീശാന്തിന് വേണ്ടി തൃപ്പൂണിത്തുറ ഉപേക്ഷിക്കാന്‍ താന്‍ തയ്യാറെന്ന്  പ്രഫ. തുറവൂര്‍ വിശ്വംഭരന്‍ അറിയിച്ചു. സംസ്ഥാന നേതൃത്വം തന്നോടാണ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ ശ്രീശാന്ത് തൃപ്പൂണിത്തുറ ആവശ്യപ്പെട്ടാല്‍ താന്‍ ഒഴിവാകാന്‍ തയ്യാറാണെന്നാണ് തുറവൂര്‍ വിശ്വംഭരന്‍ അറിയിച്ചത്. ശ്രീശാന്ത് മല്‍സരിക്കുന്നെങ്കില്‍ തൃപ്പൂണിത്തുറ തന്നെ വേണമെന്ന് ആവശ്യപ്പെട്ടതോടെയാണ് താന്‍ പിന്‍മാറാന്‍ തയ്യാറാണെന്ന നിലപാടെടുത്തതെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it