ernakulam local

ബിജെപി- ആര്‍എസ്എസ് ആക്രമണം : ഡിവൈഎഫ്‌ഐ നേതാവിന് കുത്തേറ്റു



കൊച്ചി: ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ സിപിഎം നേതാവിന് ഗുരുതര പരിക്ക്. സിപിഎം വടുതല ലോക്കല്‍ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ എറണാകുളം ബ്ലോക്ക് വൈസ് പ്രസിഡന്റും ചുമട്ടുതൊഴിലാളിയൂനിയന്‍ സിറ്റി യൂനിറ്റ് വൈസ് പ്രസിഡന്റുമായ എം എം ജിനേഷി(34)നാണ് കുത്തേറ്റത്. വയറിനു പിന്‍ഭാഗത്തും ഇടതു തോളിനും ആഴത്തില്‍ മുറിവേറ്റ ജിനേഷിനെ ആദ്യം ലൂര്‍ദ്ദ് ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ രണ്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ നോര്‍ത്ത് പോലിസ് കസ്റ്റഡിയിലെടുത്തു. അടിയന്തര ശസ്ത്രക്രിയയ്ക്ക്് വിധേയനാക്കിയ ജിനേഷ് അപകടനില തരണംചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. ജിനേഷിനൊപ്പമുണ്ടായിരുന്ന ഡിവൈഎഫ്‌ഐ മേഖലാ വൈസ് പ്രസിഡന്റ് റിനോയിക്കും പരിക്കേറ്റു. റിനോയിയെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടയച്ചു. ബിജെപി വടുതല പച്ചാളം ഏരിയ പ്രസിഡന്റും ആര്‍എസ്എസ് കാര്യവാഹകുമായ അനില്‍, ബിജെപി നേതാവ് അബിജു പച്ചാളം എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി എട്ടരയോടെ വടുതലയിലാണ് സംഭവം. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കെതിരെയുണ്ടായ സംഘപരിവാര അക്രമത്തില്‍ പ്രതിഷേധിച്ച് സിപിഎം വടുതല ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടുതലയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുശേഷം ചായകുടിച്ച് ഹോട്ടലില്‍നിന്ന് പുറത്തിറങ്ങവെയാണ് ആക്രമണം. സിപിഎം പ്രകടനത്തിനുശേഷം ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വടുതലയില്‍ പ്രകടനം നടത്തി. ഈ പ്രകടനത്തിലുണ്ടായിരുന്നവരാണ് ഹോട്ടലിനു മുന്നിലെത്തി ജിനേഷിനെ കുത്തിയത്. അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെ പ്രദേശത്ത്് സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാത്രിവൈകിയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.
Next Story

RELATED STORIES

Share it