ബിജെപി അധ്യക്ഷ പദവി; ആര്‍എസ്എസ് നേതാവിനെ അധ്യക്ഷനാക്കാന്‍ നീക്കം

എ എം ഷമീര്‍ അഹ്മദ്’

തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണറാവുന്നതോടെ ഒഴിവുവരുന്ന ബിജെപി അധ്യക്ഷസ്ഥാനത്തേക്ക് ആര്‍എസ്എസ് നേതൃനിരയിലെ ഒരാളെ എത്തിക്കാനുള്ള നീക്കങ്ങളുമായി സംഘത്തിന്റെ സംസ്ഥാന ഘടകം.
സംഘടനയില്‍ നിന്നുള്ള മുഴുസമയ പ്രചാരകന്‍മാരില്‍ ഒരാളെ നേതൃനിരയിലെത്തിച്ച് ബിജെപിയുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസിലേക്ക് കേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. വിഭാഗീയതയുടെ ഭാഗമായ ഒരു നേതാവിനെയും അധ്യക്ഷസ്ഥാനത്തേക്ക് ഇനി പരിഗണിക്കേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ആര്‍എസ്എസ്. സംഘത്തിന്റെ അനുമതി ലഭിച്ചശേഷമാണ് കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറാക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചത്. വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍പ്പെട്ട ആരെയും അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരില്ലെന്നു ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസിന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് കുമ്മനത്തിനെ ബിജെപി അധ്യക്ഷനാക്കിയ മാതൃകയില്‍ ആര്‍എസ്എസ് പ്രചാരകനെ പാര്‍ട്ടിതലപ്പത്ത് എത്തിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. ആര്‍എസ്എസ് മുന്‍ ദേശീയ നിര്‍വാഹക സമിതിയംഗവും നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും വിശ്വസ്തനുമായ ജെ നന്ദകുമാറിനെയാണ് പ്രധാനമായും പരിഗണിക്കുന്നത്.
ഭാരതീയ വിചാര കേന്ദ്രം സംഘടനാ സെക്രട്ടറി കാഭാ സുരേന്ദ്രന്‍, മുതിര്‍ന്ന പ്രചാരകന്‍ ആര്‍ വിനോദ്, സദാനന്ദന്‍ മാസ്റ്റര്‍ എന്നിവരും സാധ്യതാ പട്ടികയിലുണ്ട്. നേതൃനിരയിലെ വിഭാഗീയത കേരളത്തില്‍ ബിജെപിയുടെ വളര്‍ച്ചയ്ക്ക് തടസ്സമാവുന്നതായാണ് ആര്‍എസ്എസ് വിലയിരുത്ത ല്‍. വിഭാഗീയത പരിഹരിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനത്തെ പൊടുന്നനെ ആര്‍എസ്എസ് ഇടപെട്ട് ബിജെപി അധ്യക്ഷനാക്കുന്നത്. പാര്‍ട്ടിയുടെ നില മെച്ചപ്പെടുത്താനായെങ്കിലും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ഒതുക്കുന്നതില്‍ കുമ്മനം പരാജയപ്പെട്ടു. ഈ നില തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനാവില്ലെന്നു കണ്ടാണ് കുമ്മനത്തെ മാറ്റി സംഘതലപ്പത്തു നിന്നുതന്നെ മറ്റൊരു നേതാവിനെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നത്.
അതേസമയം, പാര്‍ട്ടിയിലെ യുവനിരയ്ക്ക് അവസരം നല്‍കണമെന്ന ആവശ്യമാണ് ബിജെപി സംസ്ഥാനഘടകത്തിനുള്ളത്. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരുടെ പേരുകളാണ് പ്രധാനമായും സംസ്ഥാന ഘടകം ഉയര്‍ത്തിക്കാട്ടുന്നത്. ഇതില്‍ കെ സുരേന്ദ്രനാണ് മുന്‍തൂക്കം കല്‍പ്പിക്കുന്നത്. എന്നാല്‍, ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ സജീവമാണെന്നതാണ് ഇരുവര്‍ക്കും വിനയാവുന്നത്. സുരേന്ദ്രന്‍ മുരളീധരന്‍ വിഭാഗവും രമേഷ് കൃഷ്ണദാസ് പക്ഷക്കാരനുമാണ്. മെഡിക്കല്‍കോഴവിവാദത്തിനു ശേഷം ഇരുപക്ഷവും തമ്മിലുള്ള ആഭ്യന്തരപ്പോര് രൂക്ഷമാണ്. മുരളീധരനെ എംപിയാക്കിയതിനാല്‍ സംസ്ഥാന നേതൃപദവി വേണമെന്നാണ് കൃഷ്ണദാസ് പക്ഷത്തിന്റെ ആവശ്യം.
യുവനേതാക്കളെ പരിഗണിക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആര്‍എസ്എസ് അനുകൂലിക്കുന്ന ആളാവും ഇവരില്‍ അധ്യക്ഷ പദവിയിലേക്കെത്തുക. ഇത് മുന്നില്‍ കണ്ടുള്ള നീക്കങ്ങള്‍ ഇരുപക്ഷവും തുടങ്ങിയിട്ടുണ്ട്. അധ്യക്ഷനെ തിരഞ്ഞെടുത്തതിനു പിന്നാലെ സംഘടനാ തലത്തില്‍ കേരളത്തില്‍ അടിമുടി മാറ്റമുണ്ടാവുമെന്നും സൂചനയുണ്ട്.
Next Story

RELATED STORIES

Share it