malappuram local

ബിജെപിയെ വെട്ടിലാക്കി കൊടിയത്തൂരിലെ സ്ഥാനാര്‍ഥിയുടെ പിന്മാറ്റം

മുക്കം: ദലിതരെ ചുട്ടു കൊല്ലുന്നതിലും, ദലിതരെ കേന്ദ്രമന്ത്രി പട്ടിയോട് ഉപമിച്ചതിലും പ്രതിഷേധിച്ച് ബിജെപി വനിതാ നേതാവ് സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത് ബിജെപിക്ക് വന്‍തിരിച്ചടിയായി. ദലിതര്‍ക്കും മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കും നേരെ നിരന്തരം നടക്കുന്ന അക്രമങ്ങളില്‍ പ്രതിരോധത്തിലായ നേതൃത്വത്തെ ഞെട്ടിച്ചാണ് കൊടിയത്തൂരിലെ ഒന്നാം വാര്‍ഡ് ബിജെപി സ്ഥാനാര്‍ഥി കെ കമലം സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ഹരിയാനയിലെ പട്ടികജാതി കുടുംബത്തില്‍ രണ്ട് കുരുന്നുകളെ ചുട്ടു കൊല്ലുകയും, ദലിത് വിഭാഗങ്ങള്‍ക്ക് നേരെ നിരന്തരം അക്രമം നടക്കുകയും ചെയ്തിട്ടും ബിജെപി നേതൃത്വവും കേന്ദ്ര സര്‍ക്കാരും മൗനം പാലിച്ചതില്‍ മനംനൊന്താണ് ഇവര്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചത്. ബിജെപിയുടെ സവര്‍ണ ഫാഷിസ്റ്റ് നിലപാടില്‍ പാര്‍ട്ടിയിലെ ദലിത് വിഭാഗങ്ങളില്‍ ഉയര്‍ന്നു വരുന്ന അതൃപ്തിയുടെ തുടക്കമാണ് സ്ഥാനാര്‍ഥിയുടെ പിന്‍വാങ്ങലിലൂടെ പുറത്തുവന്നത്. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്ഥാനാര്‍ഥിയുടെ പിന്‍മാറ്റം ബിജെപി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ്. ജില്ലയിലൊന്നാകെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഇക്കാര്യം ചര്‍ച്ചയായിട്ടുണ്ട്.
ഇതേതുടര്‍ന്ന് ഇന്നലെ രാത്രി തന്നെ കൊടിയത്തൂര്‍ പഞ്ചായത്ത് ബിജെപി കമ്മിറ്റി പന്നിക്കോട് അടിയന്തിര യോഗം ചേര്‍ന്നു. പ്രശ്‌നത്തെ ഏതു രീതിയില്‍ പ്രതിരോധിക്കുമെന്നതിനെ കുറിച്ച് ഏറെ നേരം ചര്‍ച്ച നടന്നു. അതേസമയം പ്രശ്‌നത്തിന് വിശദീകരണവുമായി ബിജെപി നേതൃത്വം രംഗത്തെത്തി. സംഭവത്തിന് പിന്നില്‍ സിപിഎം ഭീഷണിയാണന്ന് ബിജെപി തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് ബാബു മൂലയില്‍ ആരോപിച്ചു. പഞ്ചായത്തില്‍ ബിജെപി വളര്‍ച്ചയില്‍ ഭീതിപൂണ്ട സിപിഎം നേതൃത്വം സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തി ബലമായി പ്രസ്താവനയില്‍ ഒപ്പുവയ്പ്പിക്കുകയായിരുന്നു എന്നും ബിജെപി ആരോപിച്ചു. പാര്‍ട്ടി ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷനും പോലിസിനും പരാതി നല്‍കുമെന്നും ബിജെപി അറിയിച്ചു. അതേസമയം തന്നെ ആരും ഭീഷണിപ്പെടുത്തിയല്ല സ്ഥാനാര്‍ഥിത്വം പിന്‍വലിച്ചതെന്ന് കമലം ആവര്‍ത്തിച്ചു.
Next Story

RELATED STORIES

Share it