ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്‌

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ ബിജെപി-എസ്എന്‍ഡിപി കൂട്ടുകെട്ടിന്റെ പശ്ചാത്തലത്തില്‍ ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ച് എന്‍എസ്എസ്. എസ്എന്‍ഡിപി-ബിജെപി സഖ്യം പരാജയമായിരുന്നുവെന്നാണ് എന്‍എസ്എസിന്റെ നിലപാട്. എന്‍എസ്എസ് ദൈ്വവാരികയായ സര്‍വീസിന്റെ മുഖപ്രസംഗത്തിലാണ് ബിജെപി നേതൃത്വത്തിനെതിരേ വിമര്‍ശനം. എസ്എന്‍ഡിപി ബന്ധം തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. തനിച്ച് മല്‍സരിച്ചിരുന്നെങ്കില്‍ ബിജെപിക്ക് ഇതിലും കൂടുതല്‍ സീറ്റ് കിട്ടുമായിരുന്നു. എന്‍എസ്എസ് നേതൃത്വവുമായി സഖ്യമുണ്ടാക്കാനുള്ള ബിജെപിയുടെ ശ്രമം അപലപനീയമാണെന്നും സര്‍വീസില്‍ പറയുന്നു.

വിശാല ഹിന്ദു ഐക്യത്തില്‍ പങ്കുചേരാതിരുന്ന എന്‍എസ്എസിനെ വരുതിയിലാക്കാന്‍ ബിജെപി നേതൃത്വം നടത്തിയ ശ്രമങ്ങള്‍ അപലപനീയമാണ്. സംഘടനയില്‍ പിളര്‍പ്പുണ്ടാക്കാനും നേതൃത്വത്തിനെതിരേ ആരോപണങ്ങള്‍ ഉന്നയിക്കാനും ശ്രമിച്ചു. നേതാക്കള്‍ രണ്ടു തട്ടിലാണെന്നു വരുത്തിത്തീര്‍ക്കുകയും ചില നേതാക്കളെ ഉപയോഗിച്ച് എന്‍എസ്എസിനെ വരുതിയില്‍ നിര്‍ത്താനും  ശ്രമിച്ചു. ഇതുവഴി എന്‍എസ്എസ് നേതൃത്വത്തെ അപമാനിക്കുകയാണ് ചെയ്തത്. എസ്എന്‍ഡിപി ധാരണ എന്‍എസ്എസിലും നടപ്പാക്കാനുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ ശ്രമം രാഷ്ട്രീയപ്പാര്‍ട്ടി നേതാവിനു ചേര്‍ന്നതല്ലെന്നും ഇത് അര്‍ഹിക്കുന്ന അവഗണനയോടെ നായര്‍ സമുദായം തള്ളിക്കളയുമെന്നും ലേഖനം മുന്നറിയിപ്പ് നല്‍കുന്നു. അതേസമയം, എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ ബിജെപി ആരംഭിച്ചു.  ബിജെപി കേന്ദ്രനേതൃത്വം എന്‍എസ്എസ് ആസ്ഥാനമായ പെരുന്നയില്‍ നേരിട്ടെത്തി ചര്‍ച്ച നടത്തും.
Next Story

RELATED STORIES

Share it