Flash News

ബിജെപിയെ പരിഹസിച്ച് വിഎസ്



തിരുവനന്തപുരം: ഡാര്‍വിനെയും വെല്ലുന്ന പുതിയ സിദ്ധാന്തങ്ങളാണ് ഗോമാതാവിനും കാളപിതാവിനും വേണ്ടി നിര്‍മിച്ചെടുത്ത് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പിക്കുന്നതെന്ന് വി എസ് അച്യുതാനന്ദന്‍. കന്നുകാലി വില്‍പന നിയന്ത്രണം ചര്‍ച്ച ചെയ്യാന്‍ വിളിച്ച നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബീഫ് നിരോധിച്ചിട്ടില്ലെന്നും കാലിച്ചന്തകളിലൂടെയുള്ള വിപണനം മാത്രമാണ് നിരോധിച്ചതെന്നും പറയുന്നത് ശുദ്ധ തട്ടിപ്പാണ്. മാടിന്റെ ഉടമസ്ഥന്‍ മാടിനെ അറവിനു വിട്ടുനല്‍കരുതെന്നാണ് വ്യവസ്ഥ. ഇന്ത്യയില്‍ അറവ് നിരോധിക്കുന്ന വിജ്ഞാപനം തന്നെയാണിത്. വിജ്ഞാപനത്തിലെ നിബന്ധനകളനുസരിച്ച് ഇനി അദാനിയോ അംബാനിയോ അതുപോലുള്ള വന്‍കിടക്കാരോ മാത്രം കാലിച്ചന്തയും മാംസക്കച്ചവടവും നടത്തിയാല്‍ മതിയെന്നാണ് മോദി സര്‍ക്കാരിന്റെ ഉള്ളിലിരിപ്പ്. പശുപരിപാലനത്തിന്റെ ബാലപാഠം അറിയാത്തവരാണ് ഇതു തയ്യാറാക്കിയതെന്ന് വ്യക്തമാണ്. നമ്മുടെ കാര്‍ഷിക സംസ്‌കൃതിയുടെ ഭാഗമാണ് കാളകള്‍. അത് ബിജെപിയുടെ വിത്തുകാളകളല്ല. വരിയുടച്ച കാളകളെയാണ് കര്‍ഷകര്‍ ഉപയോഗപ്പെടുത്തുന്നത്. കാളകളെ വരിയുടച്ചാല്‍ ഗോമാതാവിന് അത് പ്രശ്‌നമാവുമെന്നാണ് സംഘപരിവാരം കരുതുന്നത്. ഈ പോക്കു പോയാല്‍ ബിജെപിയുടെ കാര്യവും പോക്കാവുമെന്നും വിഎസ് പരിഹസിച്ചു.പട്ടാളക്കാരുടെ പേരില്‍ കരയുകയും ആയുധക്കമ്പനികള്‍ക്കു വേണ്ടി പട്ടാളക്കാരെ ബലിനല്‍കുകയും ചെയ്യുന്ന അതേ സമീപനം ഇന്ത്യക്കാരുടെ കറിക്കലത്തില്‍ കൈയിടുന്നതിലും ബിജെപി പുലര്‍ത്തുകയാണ്. പ്രധാനമന്ത്രി വല്ലപ്പോഴും ഇന്ത്യയിലെത്തുമ്പോള്‍ ബിജെപി അംഗം കേരളത്തിന്റെ വികാരം അദ്ദേഹത്തിനു പറഞ്ഞുകൊടുക്കണം. യൂറോപ്യന്‍ രാജ്യങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് നല്ല സ്വയമ്പന്‍ ബീഫൊക്കെ തിന്നിട്ട് ഇവിടെ വന്ന് ഗോസംരക്ഷണം പറയുകയാണ്. അതു കേട്ട് തുള്ളിച്ചാടാന്‍ കുറേ ശിങ്കിടികളും. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയാന്‍ ശ്രമിക്കുന്ന പതിവ് ബിജെപിക്കില്ല. ബിജെപിയെന്ന ട്രോജന്‍ കുതിരയുടെ ഉള്ളില്‍ സംഘപരിവാരത്തിന്റെ കുറുവടിക്കാരാണുള്ളത് എന്നതിന്റെ തെളിവാണ് കഴിഞ്ഞ ദിവസം ഡല്‍ഹി എകെജി ഭവനില്‍ കണ്ടതെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it