kannur local

ബിജെപിയെ നേരിടാന്‍ പൊതുവേദി ഉണ്ടാക്കണം: പന്ന്യന്‍ രവീന്ദ്രന്‍

കൊളച്ചേരി: ബിജെപിയുടെ ഫാഷിസ്റ്റ് അനുകൂല ഭരണത്തെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് ഇടതുപക്ഷ പാര്‍ട്ടികളുടെയും ജനാധിപത്യ മതേതര ശക്തികളുടെയും പൊതുവേദി ഉണ്ടാക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍. സിപിഐ മയ്യില്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുവേദി എന്നു പറയുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസ്സുകാര്‍ക്ക് ധാരണപ്പിശകുണ്ടാവുന്നുണ്ട്. കേരളത്തില്‍ ബിജെപിക്കെതിരേ പൊരുതാന്‍ ഇടതുപക്ഷത്തിന് ഒറ്റയ്ക്കു കരുത്തുണ്ട്. പൊതുവേദയെന്നാല്‍ തിരഞ്ഞെടുപ്പ് കാലത്ത് സീറ്റുകള്‍ ലഭിക്കുന്നതിനോ നീക്കുപോക്കുകള്‍ നടത്തുന്നതിനോ വേണ്ടിയല്ല. അത് പ്രശ്‌നാധിഷ്ഠിതമായ മുന്നണിയായിരിക്കണം.
ബിജെപിക്ക് ഭരണം ലഭിച്ച ശേഷം സമസ്തമേഖലകളിലും അവര്‍ പിടിമുറുക്കി. ഭരണഘടനാപരമായി രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിച്ച മൗലികാവകാശങ്ങളില്‍ പോലും കൈവയ്ക്കുകയാണ്. രാജ്യത്ത് ദലിതര്‍, ആദിവാസികള്‍, മറ്റ് പിന്നാക്ക സമുദായങ്ങള്‍, മുസ്്‌ലിംകളും ക്രിസ്ത്യാനികളും എല്ലാം ഭീതിയിലാണ്.
ബിജെപിയുടെ വര്‍ഗീയജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് തൊഴിലാളികളും കൃഷിക്കാരും വിദ്യാര്‍ത്ഥികളും യുവജനങ്ങളും എല്ലാവരും ചേര്‍ന്ന് വലിയ പോരാട്ടമാണ് വളര്‍ന്നുവരുന്നത്. കേരളത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അഴിമതിയില്‍ മുങ്ങിക്കുളിച്ച് കേരളത്തെ നശിപ്പിച്ച കോണ്‍ഗ്രസുമായോ അവരുടെ മുന്നണിയുമായോ യാതൊരു തരത്തിലുള്ള ബന്ധത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തയ്യാറല്ലെന്നും  അദ്ദേഹം പറഞ്ഞു.
. മന്ത്രിക്കും എംപിക്കുമെല്ലാം നിയമം ബാധകമാണെന്നും ആ നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്നും പറയുമ്പോള്‍ അത് സിപിഐ-സിപിഎം തര്‍ക്കമായി മാറേണ്ടതില്ല. ആരായാലും തെറ്റുകാരനാണെങ്കില്‍ അവരെ മുന്നണി സംരക്ഷിക്കില്ലെന്ന സന്ദേശം നല്‍കുന്നത് എല്‍ഡിഎഫിന്റെ അന്തസ് വര്‍ധിപ്പിക്കുകയാണ് ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു. കെ രാഘവന്‍ പതാക ഉയര്‍ത്തി. മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന്‍, പി പി ഉണ്ണികൃഷ്ണന്‍, പി എം അരുണ്‍കുമാര്‍, ടി വി ഗിരിജ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. കെ വി ഗോപിനാഥന്‍, പി രവീന്ദ്രന്‍, അജയന്‍, കെ വി ബാലകൃഷ്ണന്‍, പി രവീന്ദ്രന്‍, രമേശന്‍ നണിയൂര്‍, പി പി നാരായണന്‍, രമേശന്‍ നണിയൂര്‍, ഭാസ്‌കരന്‍ പി നണിയൂര്‍, ടി സി ഗോപാലകൃഷ്ണന്‍, കെ എം മനോജ് സംബന്ധിച്ചു. സമ്മേളനം ഇന്ന് സമാപിക്കും.
Next Story

RELATED STORIES

Share it