malappuram local

ബിജെപിയെ നേരിടാന്‍ ജനകീയ കൂട്ടായ്മ വേണം: എ കെ ആന്റണി

മലപ്പുറം: ബിജെപിയെ നേരിടാന്‍ അഭിപ്രായ വ്യത്യാസം മാറ്റിവച്ച് ജനകീയ കൂട്ടായ്മ ഉണ്ടാക്കല്‍ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എ കെ ആന്റണി. കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ ജനാധിപത്യ മതേതര വിശ്വാസികളും നീതിബോധമുള്ളവരും ഒരുമിച്ചു നിന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി രാജ്യത്തെ കണ്ണീര്‍ കുടിപ്പിച്ച മോദിയെ താഴെയിറക്കാന്‍ കഴിയും.
സ്ത്രീകള്‍ക്കും കൊച്ചുകുട്ടികള്‍ക്കും രക്ഷയില്ലാത്ത സംഭവം ഇന്ത്യന്‍ ചരിത്രത്തില്‍ മോദിയുടെ ഭരണത്തിലാണ്. ഭീതിയുടെയും ഭയപ്പാടിന്റെയും കാലം അവസാനിപ്പിച്ചില്ലെങ്കില്‍ നാടിന്റെ ബഹുസ്വരത നഷ്ടപ്പെടും. എല്ലാവര്‍ക്കും അവരുടെ വിശ്വാസ ആചാരമനുസരിച്ച് ജീവിക്കണം. ആര്‍എസ്എസ്സും സംഘപരിവാരും നാട്ടില്‍ കലാപമുണ്ടാക്കി കലുഷിതമാക്കുകയാണ്. ഈ മഹാ വിപത്തിനെ നേരിടണം. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും നരേന്ദ്രമോദി ഭരണം അവസാനിപ്പിക്കാന്‍ അതിവിശാല ജനകീയ മുന്നണിക്കാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഇതിന് കേരളത്തിലെ കോണ്‍ഗ്രസുകാരും തയ്യാറാവണം.
ആര്‍എസ്എസ്-സംഘപരിവാരം അടിച്ചുവിടുന്ന വര്‍ഗീയ പ്രവര്‍ത്തനത്തെ നേരിടാന്‍ എന്ന പേരില്‍ ന്യൂനപക്ഷ തീവ്രവാദം ഉയരുന്നത് ആത്മഹത്യാപരമാണ്. നേരിട്ട് കാണുമ്പോഴും ഒറ്റയ്ക്കു കാണുമ്പോഴും ഒരേ സ്വരത്തില്‍ സംസാരിക്കുന്ന നേതൃത്വമാണു മലപ്പുറത്തും കേരളത്തിലും കോണ്‍ഗ്രസില്‍ ഉണ്ടാവേണ്ടതെന്നും ആന്റണി പറഞ്ഞു.
Next Story

RELATED STORIES

Share it