malappuram local

ബിജെപിയെ അനുമോദിച്ച വനിതാ ലീഗ് അധ്യക്ഷയുടെ നിലപാട് വിവാദത്തില്‍



തിരൂര്‍: ബിജെപിയെ അനുമോദിച്ച വനിതാ ലീഗ് സംസ്ഥാന അധ്യക്ഷ ഖമറുന്നീസ അന്‍വറിന്റെ നിലപാട് വിവാദമാവുന്നു. ബിജെപി സംസ്ഥാന ഫണ്ട് ശേഖരണത്തിലേക്ക് ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി പ്രദീപ് കുമാറിന് ഫണ്ട് നല്‍കിയതിനുശേഷം വനിതാ ലീഗ് അധ്യക്ഷ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ബിജെപി ജനങ്ങള്‍ക്കുവേണ്ടി ഒട്ടേറെ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബിജെപിക്ക് സര്‍വവിധ വിജയാശംസകളും നേരുന്നുവെന്നുമാണ് ഖമറുന്നീസ അന്‍വര്‍ പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥി പട്ടികയില്‍ വനിതകള്‍ക്ക് പ്രാതിനിധ്യം വേണമെന്ന് കാണിച്ച് മുസ്്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കത്ത് നല്‍കിയതും അന്ന് വിവാദമായിരുന്നു. വനിതാ ലീഗ് രൂപീകരണ കാലം മുതല്‍ അതിന്റെ അധ്യക്ഷയായും സംസ്ഥാനവനിതാ സാമൂഹികക്ഷേമ വകുപ്പ് അധ്യക്ഷ, കേന്ദ്ര സാമൂഹികക്ഷേമ ബോര്‍ഡ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം, സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ തുടങ്ങിയ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഖമറുന്നീസ അന്‍വര്‍ മുമ്പ് കോഴിക്കോടില്‍ നിന്നു മുസ്്‌ലിംലീഗ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് പരാജയപ്പെട്ടിരുന്നു. ബിജെപി സംസ്ഥാന സമിതിയംഗം എം കെ ദേവീദാസന്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റ് മനോജ് പാറശ്ശേരി, ബിജെപി നേതാക്കളായ സുനില്‍പരിയാപുരം, ശശി കറുകയില്‍, മനു മോഹന്‍ തുടങ്ങിയവരാണ് ഖമറുന്നീസയില്‍ നിന്നു ഫണ്ട് സ്വീകരിക്കാന്‍ എത്തിയിരുന്നത്. ഫാഷിസത്തിനെതിരേ മതേതര ചേരി ശക്തിപ്പെടേണ്ട ഘട്ടത്തിലാണ് ഈപ്രസ്താവനയെന്നതാണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it