ബിജെപിയുമായി സഖ്യത്തിലേര്‍പ്പെട്ടത് ജനക്ഷേമത്തിനുവേണ്ടി; സര്‍ക്കാര്‍ രൂപീകരണം ഉപാധികളോടെ മാത്രം: മെഹബൂബ

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ചില മുന്‍ ഉപാധികള്‍ വേണമെന്ന് മെഹബൂബ മുഫ്തി. വടക്കന്‍ കശ്മീരിലെ കുപ്‌വാരയില്‍ പാര്‍ട്ടിപ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെയാണ് പിഡിപി പ്രസിഡന്റ് ചില മുന്‍ ഉപാധികള്‍ വേണമെന്ന് ആവശ്യപ്പെട്ടത്.
തന്നെ സംബന്ധിച്ചിടത്തോളം പിതാവിന്റെ വാക്കുകള്‍ കല്ലില്‍ കൊത്തിവച്ചപോലെ സുദൃഢമാണ്. അദ്ദേഹം ബിജെപിയുമായുണ്ടാക്കിയ സഖ്യവും അദ്ദേഹത്തിന്റെ വാക്കുകള്‍പോലെ ഉറച്ചതാണ്. അത് ഞാന്‍ ഏറെ മാനിക്കുന്നു.
പിതാവിന്റെ ആഗ്രഹങ്ങള്‍ സഫലീകരിക്കേണ്ടത് മക്കളുടെ കടമയാണ്. എന്നാല്‍, ഇരുപാര്‍ട്ടികളും സഖ്യത്തിലേര്‍പ്പെട്ടത് സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടിയാണെന്നും മെഹബൂബ പറഞ്ഞു.
തന്റെ പിതാവിന്റെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ കഴിയുമെന്ന് ബോധ്യമാവുമ്പോള്‍ മാത്രമേ താന്‍ സര്‍ക്കാര്‍ രൂപീകരിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു.
അതേസമയം, സംസ്ഥാനത്തെ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിന് ബിജെപിയും പിഡിപിയുമാണ് ഉത്തരവാദികള്‍ എന്ന് ജമ്മുകശ്മീര്‍ കോണ്‍ഗ്രസ് കമ്മിറ്റി കുറ്റപ്പെടുത്തി. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധിക്കും അനിശ്ചിതത്വത്തിനും കാരണക്കാര്‍ ബിജെപിയും പിഡിപിയുമാണ്. അവര്‍ സഖ്യത്തിന്റെ പേരു പറഞ്ഞ് സംസ്ഥാനത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്-ജമ്മുകശ്മീര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ഗുലാം അഹ്മദ് മിര്‍ പറഞ്ഞു.
ജമ്മുവിലെ ഘൗര്‍ മേഖലയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരുകക്ഷികളും സംസ്ഥാനത്തെ ജനങ്ങളെ വഞ്ചിച്ചു. ഇപ്പോള്‍ മന്ത്രിസഭാ രൂപീകരണം വൈകിപ്പിക്കുന്നതിലൂടെ അവര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുന്നു- മിര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it