ബിജെപിയുമായി ചേര്‍ന്ന് യുഡിഎഫ് അട്ടിമറി ശ്രമത്തില്‍: കോടിയേരി

തിരുവനന്തപുരം: ബിജെപിയുമായി ചേര്‍ന്ന് ജനവിധി അട്ടിമറിക്കാനുള്ള പ്രവര്‍ത്തനപദ്ധതികളാണ് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ യുഡിഎഫ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനസംഘവുമായി സിപിഎം സഖ്യമുണ്ടാക്കി എന്ന കഥ മെനയുന്നത് ഇതുകൊണ്ടാണ്. 1975ല്‍ ഇന്ത്യയിലെ ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കുന്ന അടിയന്തരാവസ്ഥയ്‌ക്കെതിരായി വമ്പിച്ച പ്രക്ഷോഭം ഉയര്‍ന്നുവന്നു. ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ജനതാ പാര്‍ട്ടിയുമായി ചേര്‍ന്നുകൊണ്ടാണ് ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ സിപിഎം പങ്കാളിയായത്. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കിയ പാരമ്പര്യം ഉമ്മന്‍ചാണ്ടിയുടെ പാര്‍ട്ടിക്കും മുന്നണിക്കും അവകാശപ്പെട്ടതാണ്. 1991ല്‍ വടകര പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും ഒറ്റ സ്ഥാനാര്‍ഥിയായിരുന്നു. ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലും ആവര്‍ത്തിച്ച ഈ സഖ്യത്തിലൂടെ ബിജെപിക്ക് കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള സൗകര്യമുണ്ടായെന്നും കോടിയേരി പറഞ്ഞു.
Next Story

RELATED STORIES

Share it