ബിജെപിയുടെ സാരി വിതരണം; എല്‍ഡിഎഫ് പരാതി നല്‍കി

തിരുവനന്തപുരം: വനിതാവോട്ടര്‍മാരെ സ്വാധീനിക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ സാരി വിതരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നേമം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. എല്‍ഡിഎഫ് നേമം മണ്ഡലം കമ്മിറ്റി സെക്രട്ടറി കരമന ഹരിയാണ് ചീഫ് ഇലക്റ്ററല്‍ ഓഫിസര്‍, കലക്ടര്‍, റിട്ടേണിങ് ഓഫിസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.
നേമം മണ്ഡലത്തിലെ പൂങ്കുളം വാര്‍ഡില്‍ കോളിയൂര്‍, നിരപ്പില്‍ എന്നീ പ്രദേശങ്ങളില്‍ ബിജെപിയുടെ പ്രാദേശികനേതാവായ കീഴൂര്‍ മൂലവിളയില്‍ കോളിയൂര്‍ മധുസൂദനന്റെ നേതൃത്വത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ തങ്ങളുടെ സ്ഥാനാര്‍ഥിയായ ഒ രാജഗോപാലിന് വോട്ടുനേടിക്കൊടുക്കുന്നതിനായി വനിതാ വോട്ടര്‍മാര്‍ക്ക് സാരി വിതരണം നടത്തിയെന്നാണ് പരാതി.കോളിയൂര്‍ നിരപ്പില്‍ എന്ന സ്ഥലത്ത് സാരികള്‍ അട്ടികളായി അടുക്കിവച്ചാണ് പരസ്യമായി വിതരണം ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ബോധപൂര്‍വം ലംഘിച്ച് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന നിയമവിരുദ്ധപ്രവര്‍ത്തനത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.
എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തി ല്‍ പരിശോധനയ്‌ക്കെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡിനെ ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞുവച്ചത് ചെറിയതോതില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ശിവന്‍കുട്ടിയുടേത് വ്യാജ പരാതിയാണെന്നാരോപിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ പരിശോധന തടഞ്ഞത്.
എന്നാല്‍, തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്‌ക്വാഡും പോലിസും സംയുക്തമായി ആരോപണവിധേയനായ മധുസൂദനന്റെ വീട്ടില്‍ റെയ്ഡ് നടത്തി. ബിജെപി സ്ഥാനാര്‍ഥികളെ അപമാനിക്കാന്‍ സര്‍വീസ് സംഘടനാ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ മൂടുപടം അണിഞ്ഞിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ജെ ആര്‍ പത്മകുമാര്‍ ആരോപിച്ചു. മധുസൂദനന്‍ നായരുടെ വീട്ടില്‍ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it