ബിജെപിയുടെ വര്‍ഗീയതയും യുഡിഎഫിന്റെ സമയദോഷവും തുണയ്ക്കുമെന്നുറച്ച് ടി എന്‍ സീമ

ശ്രീജിഷ പ്രസന്നന്‍

തിരുവനന്തപുരം: ടി എന്‍ സീമ എംപി, ആ പദവി ഇന്നുകൂടി മാത്രം. പാര്‍ലമെന്റ് അംഗം എന്ന നിലയിലുള്ള സീമയുടെ ചുമതലകള്‍ ഇന്നവസാനിക്കും. എന്നാല്‍, ഇന്നലെ മുതല്‍ മറ്റൊരു ചുമതല ഏറ്റെടുത്തുകഴിഞ്ഞു സിപിഎമ്മിന്റെ ഈ സൗമ്യമുഖം. വട്ടിയൂര്‍ക്കാവില്‍നിന്ന് കേരള നിയമസഭയിലേക്കുള്ള മല്‍സരത്തിന്റെ ഔദ്യോഗിക ചരടുവലികള്‍ക്ക് ടി എന്‍ സീമ ഇന്നലെ തുടക്കമിട്ടു.
രാവിലെ പത്തോടെ വാഴോട്ടുകോണം ജങ്ഷനില്‍ നിന്നാരംഭിച്ച പ്രചാരണത്തിന് ലഭിച്ച സ്വീകാര്യതയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് അവര്‍. സിറ്റിങ് എംഎല്‍എയും യുഡിഎഫിന്റെ പ്രബല നേതാവുമായ കെ മുരളീധരനും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനുമാണ് ടി എന്‍ സീമയുടെ പ്രധാന എതിരാളികള്‍. എതിര്‍പക്ഷത്ത് കരുത്തരായ നേതാക്കളാണെങ്കിലും ആശങ്കയുടെ ഒരു കണികപോലുമില്ല ടി എന്‍ സീമയുടെ കണ്ണുകളില്‍. യുഡിഎഫിന് നിലവിലുള്ള അഴിമതി ഇമേജും വര്‍ഗീയതമാത്രം ഉയര്‍ത്തുന്ന ബിജെപി നിലപാടും തന്നെ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് സീമ. മാത്രമല്ല, വനിതാ സ്ഥാനാര്‍ഥി എന്ന നിലയില്‍ സ്ത്രീ വോട്ടര്‍മാര്‍ പിന്തുണയ്ക്കുമെന്ന വിശ്വാസവും അവര്‍ പങ്കുവയ്ക്കുന്നു.
രാജ്യസഭാംഗമെന്ന നിലയില്‍ പരിചയസമ്പന്നയാണെങ്കിലും നിയമസഭയിലേക്കിത് കന്നിയങ്കമാണ്. എന്നാല്‍, വോട്ടര്‍മാരെ ആരാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തേണ്ട എന്ന ഗുണമാണ് ടി എന്‍ സീമ തന്നില്‍ കാണുന്നത്. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ഉയര്‍ത്തുന്ന സ്ത്രീപക്ഷ കേരളം എന്ന മുദ്രാവാക്യം ഏറ്റുചൊല്ലുമെങ്കിലും മണ്ഡലത്തിന്റെ കാര്യം വരുമ്പോള്‍ സമ്പൂര്‍ണ വികസനമാണ് ലക്ഷ്യമെന്ന് പറയുന്നു അവര്‍.
റോഡ് വികസനം മുതല്‍ പട്ടയവിതരണം വരെ നിരവധി ആവശ്യങ്ങളാണ് വട്ടിയൂര്‍ക്കാവിലെ ജനങ്ങള്‍ക്കുള്ളത്. അത് നല്‍കാനാവുമെന്ന ഉറപ്പാണ് വോട്ടര്‍മാര്‍ക്ക് നല്‍കുന്നത്. സ്ത്രീസൗഹൃദ പ്രശ്‌നങ്ങളും വികസനവും ഒരുമിച്ച് കൊണ്ടുപോവുമെന്നും അവര്‍ ആവര്‍ത്തിക്കുന്നു. 8.33 കോടി രൂപ ചെലവിട്ട് 122 പദ്ധതികളാണ് എംപി എന്ന നിലയില്‍ ജില്ലയ്ക്ക് നല്‍കിയിട്ടുള്ളത്. ഇതും ഗുണം ചെയ്യുമെന്ന് കരുതുന്നു.
ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിനു മുമ്പു തന്നെ മണ്ഡലത്തില്‍ ഒരു പര്യടനം നടത്തിയിരുന്നു. ഇതുവഴി വോട്ടര്‍മാരെ ആദ്യം നേരിട്ട് കാണാനായി. ജന്മം കൊണ്ട് തൃശൂര്‍ക്കാരിയാണെങ്കിലും കര്‍മമേഖല തിരുവനന്തപുരമായതിനാല്‍ ജനങ്ങള്‍ക്ക് ചിരപരിചിതയാണെന്നതും നേട്ടമാണ്.
അധ്യാപിക, സാമൂഹിക പ്രവര്‍ത്തക, ഗവേഷക, എംപി തുടങ്ങിയ റോളുകള്‍ നല്‍കിയ അനുഭവ സമ്പത്താണ് തന്റെ കരുത്തെന്ന് പറയുന്നു ഈ 52കാരി. 17 വര്‍ഷം വിവിധ സര്‍ക്കാര്‍ കോളജുകളില്‍ മലയാളം അധ്യാപികയായിരുന്നു.
Next Story

RELATED STORIES

Share it