ബിജെപിയുടെ വരുമാനത്തില്‍ 44 ശതമാനം വര്‍ധന; സാമ്പത്തിക സ്രോതസ് കോണ്‍ഗ്രസ് വെളിപ്പെടുത്തിയില്ല

ന്യൂഡല്‍ഹി: 2014 മെയില്‍ ബിജെപി അധികാരത്തിലേറിയ ശേഷം പിന്നാലെ പാര്‍ട്ടിയുടെ ഫണ്ട് വരുമാനത്തില്‍ 44 ശതമാനം വര്‍ധന. ഇക്കാലയളവില്‍ 970 കോടി രൂപ സംഭാവനയായി ലഭിച്ച ബിജെപിയാണ് രാജ്യത്തെ ഏറ്റവും സമ്പന്ന രാഷ്ട്രീയപ്പാര്‍ട്ടിയെന്ന് രാഷ്ട്രീയരംഗത്തെ അഴിമതിക്കെതിരേ പോരാടുന്ന അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസിന്റെ (എഡിആര്‍) റിപോര്‍ട്ടില്‍ പറയുന്നു. ഇക്കാലയളവില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിക്കാത്ത ഏക ദേശീയ പാര്‍ട്ടി കോണ്‍ഗ്രസ്സാണെന്നും എഡിആറിന്റെ റിപോര്‍ട്ടിലുണ്ട്.
2014 നവംബര്‍ 19നാണ് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളോടും ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്. കഴിഞ്ഞ നവംബര്‍ 30നു മുമ്പ് റിപോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു കമ്മീഷന്റെ നിര്‍ദേശമെങ്കിലും കോണ്‍ഗ്രസ് ഇതേവരെ നിര്‍ദേശം പാലിച്ചിട്ടില്ല. കൃത്യസമയത്തിന് ഓഡിറ്റ് റിപോര്‍ട്ട് സമര്‍പ്പിച്ചത് ബിജെപി, ബിഎസ്പി, സിപിഎം, സിപിഐ എന്നീ ദേശീയ പാര്‍ട്ടികള്‍ മാത്രമാണ്. രാജ്യത്തെ ആറു ദേശീയ കക്ഷികളില്‍പ്പെട്ട എന്‍സിപി നിശ്ചിത തിയ്യതിക്കു ശേഷവും റിപോര്‍ട്ട് സമര്‍പ്പിച്ചു.
2014- 15 കാലയളവില്‍ ബിജെപിയുടെ വരുമാനം 44 ശതമാനം (296 കോടി രൂപ) വര്‍ധിച്ചപ്പോള്‍ ബിഎസ്പിക്ക് 67 ശതമാനവും (45 കോടി) സിപിഐക്ക് 0.14 ശതമാനത്തിന്റെ വളരെ നേരിയ വര്‍ധനവുമാണ് ഉണ്ടായത്. ദേശീയപാര്‍ട്ടികളില്‍ സിപിഐക്കു മാത്രമാണ് കാര്യമായ വര്‍ധന ഉണ്ടാവാത്തത്. കോണ്‍ഗ്രസ് ഒഴികെയുള്ള അഞ്ചു ദേശീയ പാര്‍ട്ടികളുടെ ആകെ വരുമാനം 2013- 14 കാലത്ത് 920.4 കോടിയാണെങ്കി ല്‍ 2014- 15 കാലയളവില്‍ അത് 1275.7 കോടിയായി ഉയര്‍ന്നു. 39 ശതമാനം വളര്‍ച്ചയാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ വരുമാനത്തിലുണ്ടായ വര്‍ധന. ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണ ഫണ്ടിലേക്ക് ബിജെപിക്കു സംഭാവന നല്‍കിയതില്‍ ഭൂരിഭാഗവും വ്യവസായികളായിരുന്നു. രാജ്യത്തെ വന്‍ വ്യവസായ ഗ്രൂപ്പുകള്‍ 160 കോടി രൂപയാണ് പാര്‍ട്ടിക്കു നല്‍കിയത്. പാര്‍ട്ടിക്കു ലഭിച്ച സംഭാവനകളില്‍ 92 ശതമാനവും ഇരുപതിനായിരം രൂപയ്ക്കു മുകളിലുള്ള തുകയുമാണ്. മെംബര്‍ഷിപ്പ് കാര്‍ഡ് വില്‍പനയും സംഭാവനകളുമാണ് രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രധാന വരുമാന സ്രോതസ്.
Next Story

RELATED STORIES

Share it