Flash News

ബിജെപിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ 80 ശതമാനം വര്‍ധിച്ചെന്ന് റിപോര്‍ട്ട്‌

ബിജെപിയുടെ വരുമാനം ഒരു വര്‍ഷത്തിനിടെ   80 ശതമാനം വര്‍ധിച്ചെന്ന് റിപോര്‍ട്ട്‌
X
ന്യൂഡല്‍ഹി: കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ബിജെപിയുടെ വരുമാനത്തില്‍ 80 ശതമാനം വര്‍ധനയുണ്ടായതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപോര്‍ട്ട്. 2015-16 കാലയളവില്‍ 571 കോടി വരുമാനമുണ്ടായിരുന്ന ബിജെപി 2016-17ല്‍ ഇത് 1,034 കോടിയായി വര്‍ധിപ്പിച്ചു. ഇക്കാലയളവില്‍ മൊത്തം വരുമാനത്തിന്റെ 59 ശതമാനവും തിരഞ്ഞെടുപ്പ് സംബന്ധമായ ചെലവുകള്‍ക്കും പ്രചാരണങ്ങള്‍ക്കുമാണ് ഉപയോഗിച്ചത്. 606.64 കോടി രൂപയാണ് ഒരുവര്‍ഷത്തിനിടെ ബിജെപി തിരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്. 2016-17 വര്‍ഷത്തില്‍ 1,559.17 കോടി രൂപയാണ് ദേശീയ പാര്‍ട്ടികളുടെ മൊത്തം വരുമാനം. ഇതില്‍ 1,034.27 കോടി രൂപ വരുമാനമുള്ള ബിജെപിയാണ് ഒന്നാംസ്ഥാനത്ത്.



ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സാണ് ബിജെപിക്ക് തൊട്ടുപിറകില്‍. എന്നാല്‍, 225.36 കോടി രൂപ മാത്രമാണ് ഇക്കാലയളവില്‍ കോണ്‍ഗ്രസ്സിന്റെ വരുമാനം. മൊത്തം വരുമാനത്തേക്കാള്‍ 96.30 കോടി രൂപ കോണ്‍ഗ്രസ് അധികം ചെലവഴിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഇക്കാലയളവില്‍ 321.66 കോടി രൂപയാണു ചെലവഴിച്ചത്.
2015-16 വര്‍ഷത്തെ അപേക്ഷിച്ച് 2016-17ല്‍ കോണ്‍ഗ്രസ്സിന്റെ വരുമാനത്തില്‍ 14 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 150 കോടി രൂപ മാത്രമാണ് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പു സംബന്ധിച്ച ചെലവുകള്‍ക്ക് ഉപയോഗിച്ചത്. 115.65 കോടി രൂപ ചെലവഴിച്ചത് സംഘടനയുടെ ഭരണപരമായതും മറ്റു പൊതുചെലവുകള്‍ക്കുമായാണ്.
ദേശീയ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ആദായനികുതി റിട്ടേണില്‍ നിന്നാണ് എഡിആര്‍ വിവരങ്ങള്‍ തയ്യാറാക്കിയത്. ഏഴു ദേശീയ പാര്‍ട്ടികളും കൂടി ആകെ 1,228.26 കോടി രൂപയാണ് ചെലവിട്ടതെന്നും റിപോര്‍ട്ടില്‍ പറയുന്നു. ബിജെപിക്ക് ലഭിച്ച 997.12 കോടി രൂപയും സ്വമേധയാ നല്‍കിയ സംഭാവനകളും ഗ്രാന്റുകളുമാണെന്നാണ് പാര്‍ട്ടി അവകാശപ്പെടുന്നത്.
ബിജെപി, കോണ്‍ഗ്രസ് എന്നിവയ്ക്കു പുറമേ തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, സിപിഐ, സിപിഎം, എന്‍സിപി പാര്‍ട്ടികളുടെ വരുമാനമാണ് എഡിആര്‍ പരിശോധിച്ചത്.
2016-17 കാലയളവില്‍ ബിഎസ്പിയുടെ ആകെ വരുമാനം 173.58 കോടിയായിരുന്നു. ചെലവ് 51.83 കോടിയും. 2015-16 കാലയളവില്‍ 47.38 കോടിയായിരുന്ന ബിഎസ്പിയുടെ വരുമാനം 266.32 ശതമാനം വര്‍ധിച്ചു. എന്‍സിപിയുടെ വരുമാനം 2015-16ല്‍ 9.137 കോടി രൂപയായിരുന്നത് 88.63 ശതമാനം വര്‍ധിച്ച് 2016-17ല്‍ 17.235 കോടി രൂപയായി.
2015-16നും 2016-17നും ഇടയില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ വരുമാനം 81.52 ശതമാനം കുറഞ്ഞു. എന്നാല്‍, സിപിഎമ്മിന് ഇക്കാലയളവില്‍ 6.72 ശതമാനത്തിന്റെ കുറവു മാത്രമാണുണ്ടായത്. സിപിഐയാണ് ഏറ്റവും വരുമാനം കുറഞ്ഞ പാര്‍ട്ടി. 2.08 കോടി രൂപയാണ് സിപിഐയുടെ വരുമാനം. ബിഎസ്പി വരുമാനത്തിന്റെ 70 ശതമാനവും ബിജെപിയും സിപിഐയും ആകെ വരുമാനത്തിന്റെ 31 ശതമാനവും സിപിഎം വരുമാനത്തിന്റെ ആറുശതമാനവും 2016-17 കാലയളവി ല്‍ ചെലവഴിക്കാതെ നീക്കിവച്ചിട്ടുണ്ടെന്നും എഡിആറിന്റെ റിപോര്‍ട്ടില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it