ബിജെപിയുടെ നേട്ടങ്ങളാണ് കോട്ടങ്ങള്‍

ഗുവാഹത്തി: തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് അസമിലെ ബിജെപി നേതൃത്വങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് അസം ഗണ പരിഷത്തുമായും (എജിപി) ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ടുമായും (ബിപിഎഫ്) സഖ്യമുണ്ടാക്കുക എന്നതായിരുന്നു. അതിലവര്‍ വിജയിച്ചപ്പോള്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് വിരുദ്ധവികാരം അനുകൂലമാവുക കൂടി ചെയ്താല്‍ ഭരണം പിടിക്കാമെന്നും സ്വപ്‌നം കണ്ടു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ മികച്ച പ്രകടനം വച്ച് കണക്കുകൂട്ടിയപ്പോഴും വിജയം സുനിശ്ചിതമാണ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഗോദയിലിറങ്ങി പ്രചാരണം തുടങ്ങിയ ഈ ഘട്ടത്തില്‍ പക്ഷേ, സംശയം ബാക്കി. അസമിലെ മുന്നേറ്റങ്ങളെ കുറിച്ച് നൂറു നാക്കുണ്ടായിരുന്ന പാര്‍ലമെന്റിന്റെ ഇടനാഴികളില്‍ പോലും ബിജെപി നേതാക്കള്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നൊഴിഞ്ഞു മാറുകയാണ്.

തങ്ങളുടെ അനുകൂല ഘടകങ്ങളില്‍ തന്നെ തിരിച്ചടിക്കുള്ള സാധ്യതയും ഒളിഞ്ഞിരിക്കുന്നുവെന്ന് അവര്‍ക്ക് മനസ്സിലായി തുടങ്ങി. എജിപിയുമായുള്ള സഖ്യത്തെ പരസ്യമായി എതിര്‍ത്ത് പാര്‍ട്ടിനേതാക്കള്‍ തന്നെ രംഗത്തെത്തിയതും വിമതശബ്ദങ്ങള്‍ ഉയര്‍ന്നതുമാണ് ആശങ്ക വര്‍ധിക്കാന്‍ കാരണം. 2011 വരെ എജിപി നേതാവായിരുന്ന സര്‍ബാനന്ദ സോനോവാളിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയ കേന്ദ്ര നടപടിക്കെതിരേ സംസ്ഥാനത്തെ പാര്‍ട്ടിയിലെ പ്രമുഖര്‍ തന്നെ രംഗത്തെത്തിയത് ബിജെപിയില്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. വിമതശല്യം ശക്തമായ എജിപിയുമായി സഖ്യമുണ്ടാക്കരുതെന്ന് ബിജെപിയിലെ ഒരു വിഭാഗം നേരത്തേ ആവശ്യമുന്നയിച്ചിരുന്നു. സീറ്റ് പങ്കു വച്ചപ്പോള്‍ 126ല്‍ 25 സീറ്റാണ് എജിപിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ തങ്ങളുടെ പ്രാധാന്യം നഷ്ടപ്പെടുമോ എന്ന് അവര്‍ക്കും ആശങ്കയുണ്ട്.
90 സീറ്റിലാണ് ബിജെപി മല്‍സരിക്കുന്നത്. അതില്‍തന്നെ ചിലത് സഖ്യകക്ഷികളുമായി സൗഹൃദ മല്‍സരം നടക്കുന്ന മണ്ഡലങ്ങളാണ്. സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി റാം മാധവിന്റെ പല തന്ത്രങ്ങളും ഭാവിയില്‍ തിരിച്ചടിയാവുമെന്ന് സംസ്ഥാന നേതാക്കള്‍ വിലയിരുത്തുന്നു. ബോഡോലാന്റ് ടെറിടോറിയല്‍ ഏരിയ ജില്ലകളായ കൊക്രാജര്‍, കാജല്‍ഗാവ്, ഉദല്‍ഗുരി, ബക്‌സ എന്നിവിടങ്ങളില്‍ ബിപിഎഫുമായുണ്ടാക്കിയ സഖ്യം ഗുണം ചെയ്യുമെന്ന ബിജെപിയുടെ കണക്കു കൂട്ടല്‍ അമിത ആത്മവിശ്വാസമാണെന്നും അഭിപ്രായമുണ്ട്. 16 മണ്ഡലങ്ങളുള്ള ഇവിടെ കഴിഞ്ഞതവണ 12 ഇടത്താണ് ബിപിഎഫിന് ജയിക്കാനായത്. ബോഡോകളിലെ ഒരു വിഭാഗം കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നവരാണ്.
ഹിന്ദു വോട്ട് ഏകീകരിക്കാനുള്ള ബിജെപിയുടെ വര്‍ഗീയ തന്ത്രവും വേണ്ടത്ര ഫലിക്കില്ലെന്നാണ് നിഗമനം. പല വിഭാഗങ്ങളിലായി ചിതറിക്കിടക്കുകയാണ് ഹിന്ദു വോട്ടുകള്‍. ഇത് ഏകീകരിക്കാനുള്ള ഒറ്റമൂലി ബിജെപിയുടെ കൈയിലില്ലെന്ന് അവര്‍ തന്നെ സമ്മതിക്കുന്നു. മുസ്‌ലിം വോട്ടുകള്‍ ഒരുപെട്ടിയില്‍ വീഴുന്നത് തടയുകയെന്നതാണ് പാര്‍ട്ടി കാണുന്ന മറുതന്ത്രം. എന്നാല്‍, വര്‍ഗീയ പ്രചാരണം കോണ്‍ഗ്രസ്സിന് അനുകൂല സാഹചര്യമുണ്ടാക്കുമെന്ന ഭയവും നേതാക്കള്‍ക്ക് വന്ന് തുടങ്ങിയിരിക്കുന്നു.
എന്നാല്‍, കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം എല്ലാ വിഭാഗത്തിലുംപെട്ട നേതാക്കള്‍ അവര്‍ക്കുണ്ട്. മറ്റു പാര്‍ട്ടികളില്‍ നിന്നു കൂറുമാറിയെത്തിയവരെയാണ് കോണ്‍ഗ്രസിന്റെ നേതൃനിരയെ പ്രതിരോധിക്കാന്‍ ബിജെപി ഉയര്‍ത്തിക്കാട്ടുന്നത്.
Next Story

RELATED STORIES

Share it