Flash News

ബിജെപിയുടെ നക്കാപ്പിച്ച വാങ്ങി ഒത്തുതീര്‍പ്പിന് തയ്യാറാവരുത് ; ബിഡിജെഎസിന് മുന്നറിയിപ്പുമായി വെള്ളാപ്പള്ളി



തിരുവനന്തപുരം: ബിജെപി വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ഒത്തുതീര്‍പ്പിന് തയ്യാറാവരുതെന്ന മുന്നറിയിപ്പുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎ സര്‍ക്കാരിന്റെ അവസാനകാലത്ത് വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബിഡിജെഎസ് ബിജെപിയുമായി സന്ധി ചെയ്യുന്നത് അനൗചിത്യമാണെന്നും അദ്ദേഹം പറഞ്ഞു. വേങ്ങരയില്‍ ബിജെപിക്കു വേണ്ടി പോസ്റ്റര്‍ അടിച്ച കാശ് പോലും നഷ്ടമാവും. ബിജെപിക്ക് 5000 വോട്ട് പോലും കിട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ബിഡിജെഎസിനെ ഒപ്പംനിര്‍ത്താനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് വെള്ളാപ്പള്ളി വീണ്ടും വിമര്‍ശനവുമായി രംഗത്തുവന്നത്. ബിഡിജെഎസിന് നല്‍കാമെന്നേറ്റിരുന്ന ബോര്‍ഡ്, കോര്‍പറേഷന്‍ സ്ഥാനങ്ങ ള്‍ ഉടന്‍ നല്‍കാമെന്നു കഴിഞ്ഞദിവസം  ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ഉറപ്പു നല്‍കിയിരുന്നു. ഘടകകക്ഷികളുടെ പരാതികള്‍ മൂന്നാഴ്ചയ്ക്കകം പരിഹരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇതോടെ, എന്‍ഡിഎയില്‍ കലാപക്കൊടി ഉയര്‍ത്തിയ ബിഡിജെഎസ് ബിജെപിയുമായുള്ള സഹകരണം തുടരുമെന്നും വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാവുമെന്നും തുഷാര്‍ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളാപ്പള്ളിയുടെ ഇടപെടല്‍ പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം സൃഷ്ടിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ, ബിഡിജെഎസിനെ മുന്നണിയിലേക്കു ക്ഷണിച്ച യുഡിഎഫിനെയും വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു. ബിജെപിയുമായി അകലം പാലിച്ച ബിഡിജെഎസ് എല്‍ഡിഎഫുമായി അടുക്കാന്‍ ശ്രമം നടത്തിയ ഘട്ടത്തിലാണ് യുഡിഎഫ് നേതാക്കള്‍ മുന്നണിയിലേക്കു ക്ഷണിച്ചത്. എന്നാല്‍, വെള്ളാപ്പള്ളി നടേശന്‍ പഴയ ചില കണക്കുകള്‍ ഓര്‍മിപ്പിച്ചാണ് ഇതിനോട് പ്രതികരിച്ചത്. ബിഡിജെഎസ് യുഡിഎഫിലെത്തണമെന്ന് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ താല്‍പര്യമുണ്ടാവാം. എന്നാല്‍, തനിക്കെതിരായ പഴയ നിലപാടുകള്‍ തെറ്റിയെന്നു കോണ്‍ഗ്രസ് ഏറ്റുപറയണം. അല്ലാതെ ക്ഷണിച്ചിട്ട് കാര്യമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബിജെപിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടെയണ് എല്‍ഡിഎഫ് തന്നെയാണ് ലക്ഷ്യമെന്നു പരോക്ഷമായി വെളിപ്പെടുത്തി വെള്ളാപ്പള്ളി വീണ്ടും രംഗത്തെത്തിയത്.
Next Story

RELATED STORIES

Share it