thrissur local

ബിജെപിയുടെ ദുര്‍ഭരണത്തിനെതിരേ കേരളത്തില്‍ ബദല്‍ ഭരണം സൃഷ്ടിച്ച് എല്‍ഡിഎഫ് മറുപടി നല്‍കുന്നു : പന്ന്യന്‍ രവീന്ദ്രന്‍



തൃശൂര്‍: കേന്ദ്രത്തിലെ ബിജെ പിയുടെ ദുര്‍ഭരണത്തിനെതിരേ കേരളത്തില്‍ ബദല്‍ ഭരണം സൃഷ്ടിച്ചുകൊണ്ടാണ് എല്‍ ഡിഎഫ് മറുപടി നല്‍കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. നോട്ട് അസാധുവാക്കിയ നടപടിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി എല്‍ഡിഎഫ് സംഘടിപ്പിച്ച കരിദിനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പന്ന്യന്‍. യുപിയില്‍ ഓക്‌സിജനില്ലാതെ കുഞ്ഞുങ്ങള്‍ തുടര്‍ച്ചയായി മരിക്കുമ്പോള്‍ പശുക്കളെ സംരക്ഷിക്കുന്നതിന് 2000 കോടിയുടെ എസി സംരക്ഷണകേന്ദ്രം പദ്ധതിയാണ് ബിജെപി നടപ്പാക്കുന്നത്. നോട്ട് നിരോധനത്തിലൂടെ കാര്‍ഷിക മേഖല അടക്കമുള്ള അടിസ്ഥാനവര്‍ഗമെല്ലാം തകരുമ്പോഴും വിദേശരാജ്യങ്ങളില്‍ പറന്നു നടക്കുകയാണ് മോദി ചെയ്യുന്നത്. അദ്വാനിക്കും ബാബാ രാംദേവിനും പേടിഎം കമ്പനിക്കുമെല്ലാം വേണ്ടിയാണ് മോദിയുടെ ഭരണം. കള്ളപ്പണക്കാരെ പിടിച്ച് 15 ലക്ഷം വീതം ഓരോ ഭാരതീയന്റേയും അക്കൗണ്ടിലിടുമെന്ന് പറഞ്ഞ് വോട്ട് നേടിയ മോദി നടത്തിയത് പൊറുക്കാനാകാത്ത ജനവഞ്ചനയാണ്. രാജ്യത്തെ അപ്രഖ്യാപിത അടിയന്തിരാവസ്ഥയിലേയ്ക്ക് തള്ളിവിട്ടതിന് മോദിയും ബിജെപിയും മറുപടി പറയണമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. പാര്‍ഥസാരഥി ക്ഷേത്രത്തിലെ വരുമാനം നഷ്ടമാവുന്നതിലെ വേദനയാണ് ഹിന്ദു സംഘടനകളെയും ബിജെപിയെയും ഹര്‍ത്താലിലേക്ക് നയിച്ചതെന്ന് അധ്യക്ഷത വഹിച്ച എല്‍ഡിഎഫ് കണ്‍വീനറും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ രാധാകൃഷ്ണന്‍ വ്യക്തമാക്കി. എഎന്‍ വല്ലഭന്‍, സിആര്‍ വല്‍സന്‍, അഷറഫ്, വിദ്യാധരന്‍ നേതൃത്വം നല്‍കി.അതേസമയം നോട്ട് അസാധുവാക്കിയ നടപടിയുടെ ഒന്നാം വാര്‍ഷികം കരിദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി യുഡിഎഫിന്റെ ആഭിമുഖ്യത്തില്‍ തൃശൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രതീകാത്മകമായി തൂക്കിലേറ്റി. ഡിസിസി ഓഫിസില്‍ നിന്ന് കറുത്ത ബലൂണും കൊടികളുമേന്തി നരേന്ദ്രമോദിയെ പ്രതീകാത്മകമായി പരസ്യ വിചാരണ ചെയ്തുകൊണ്ടാരംഭിച്ച പ്രതിഷേധ മാര്‍ച്ച് തൃശൂര്‍ സ്പീഡ് പോസ്റ്റ് ഓഫിസിനു മുന്നില്‍ സമാപിച്ചു. തുടര്‍ന്നാണ് നരേന്ദ്രമോദിയെയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയേയും പ്രതീകാത്മകമായി തൂക്കിലേറ്റിയത്. ഡിസിസി പ്രസിഡന്റ് ടി എന്‍ പ്രതാപന്‍ അധ്യക്ഷത വഹിച്ചു. അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍, അനില്‍ അക്കര എംഎല്‍എ, എംപി ഭാസ്‌കരന്‍ നായര്‍ പങ്കെടുത്തു.കുന്നംകുളം: നോട്ട് നിരോധന വാര്‍ഷികം നഗരസഭ കോണ്‍ഗ്രസ്സ് വിമത വിഭാഗത്തിന്റെ നേതൃത്വത്തില്‍ കരിദിനമായി ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഗരസഭയ്ക്ക് മുന്നില്‍ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സമാപിച്ചു. പ്രകടനത്തിന് മുന്‍ നഗരസഭ ചെയര്‍മാന്‍ സിവി ബേബി, നഗരസഭാ സ്ഥിരം സമതി അധ്യക്ഷ്ന്മാരായ ,ഷാജി ആലിക്കല്‍, സുമ ഗംഗാധരന്‍, മിഷാ സെബ്ബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഇന്ദിരശശിധരന്‍, നിഷാജയേഷ്, സോമശേഖരന്‍ നേതൃത്വം നല്‍കി.തൃപ്രയാര്‍: ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകര്‍ത്തെറിഞ്ഞ നോട്ടു നിരോധനം എന്ന മണ്ടത്തരത്തിന്റെ വാര്‍ഷികം നരേന്ദ്രമോഡിയുടെ ഫ്‌ളെക്‌സില്‍ കരിഓയില്‍ ഒഴിച്ച് കരിദിനം ആഘോഷിച്ചു. നാട്ടിക നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ് മേഖല കമ്മിറ്റി നടത്തിയ പ്രതിഷേധ കൂട്ടായ്മ സംസ്ഥാന കെഎസ്‌യു ഉപാധ്യക്ഷന്‍ ശ്രീലാല്‍ ശ്രീധര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് പ്രസാദ് നാട്ടിക അധ്യക്ഷത വഹിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഷൈന്‍ നാട്ടിക, സുജിന്‍ വൈലോപ്പിള്ളി, ഇസ്മയില്‍ അറക്കല്‍, സുകേഷ് മുത്തേടത്ത്, ജെന്‍സണ്‍ വലപ്പാട്, ആന്റോ തൊറയന്‍, രാനിഷ് കെ എ, ഉല്ലാസ് വലപ്പാട് സംസാരിച്ചു.പൂവത്തൂര്‍: എളവള്ളി മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സംഗമം നടത്തി. വൈകീട്ട് പൂവത്തൂര്‍ പോസ്‌റ്റോഫീസ് പരിസരത്തു നിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ ബസ് സ്റ്റാന്‍ഡിന്റെ പരിസരത്ത് സമാപിച്ചു. കറുത്ത ബാഡ്ജുകള്‍ ധരിച്ചും മെഴുകുതിരികള്‍ കരിച്ചു നടത്തിയ പ്രതിഷേധ സംഗമം ഡിസിസി സെക്രട്ടറി പി കെ രാജന്‍ ഉദ്ഘാടനം ചെയ്തു. മുസ്്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പാവറട്ടി ബ്ലോക്ക് പ്രസിഡന്റ് എ ടി സ്റ്റീഫന്‍ മാസ്റ്റര്‍, പി എല്‍ ഡൊമിനി, ബ്ലോക്ക് വൈസ് പ്രസിഡന്റ് സി ജെ സ്റ്റാന്‍ലി, സനല്‍ കുന്നത്തുള്ളി, വര്‍ഗീസ് മാനത്തില്‍, കെ ഒ ബാബു സംസാരിച്ചു.
Next Story

RELATED STORIES

Share it