ബിജെപിയുടെ അടിത്തറ ദുര്‍ബലം: രാഹുല്‍

തിരുവനന്തപുരം: രാജ്യത്തു ബിജെപിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് നിരയുടെ അടിത്തറ ദുര്‍ബലമെന്നു നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. തൈക്കാട് പോലിസ് മൈതാനത്ത് ആര്‍എസ്പി നേതാവും മുന്‍ മന്ത്രിയുമായിരുന്ന ബേബി ജോണിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ദേശീയ കാംപയിന്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര ചേരിക്ക് മുന്നില്‍ നില്‍ക്കാന്‍ ബിജെപിക്കു കഴിയില്ല. സ്വയം മാര്‍ക്കറ്റിങും മസില്‍പവറും പണവും കൊണ്ടാണു ബിജെപി പിടിച്ചുനില്‍ക്കുന്നത്. വെറുതെ ശബ്ദകോലാഹലം സൃഷ്ടിച്ച് ശ്രദ്ധപിടിക്കുകയാണ് അവരുടെ തന്ത്രം. രാജ്യം ഇതുപോലുള്ള വെല്ലുവിളി ഒരു കാലത്തും നേരിട്ടിട്ടില്ലെന്നും രാഹുല്‍ഗാന്ധി പറഞ്ഞു. 22 വര്‍ഷത്തെ ഗുജറാത്തിലെ ബിജെപി ഭരണം പൊള്ളയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അവിടെ എത്തിയപ്പോഴാണ് യാഥാര്‍ഥ്യം മനസ്സിലായത്. അഞ്ചു ശതമാനം മുതല്‍ 10 ശതമാനം വരെ വരുന്ന കോര്‍പറേറ്റുകള്‍ക്ക് മാത്രമാണു ബിജെപി ഭരണം കൊണ്ട് ആകെ ഗുണമുണ്ടായത്. സാധാരണക്കാരും കര്‍ഷകരും ചെറുകിട വ്യവസായികളും തൊഴിലാളികളും ദുരിതമനുഭവിക്കുകയാണെന്നും രാഹുല്‍ പറഞ്ഞു.  തൊഴിലാളി വര്‍ഗത്തിനും സാധാരണക്കാര്‍ക്കും വേണ്ടി നിലകൊണ്ട നേതാവായിരുന്നു ബേബി ജോണെന്നും രാഹുല്‍ അനുസ്മരിച്ചു. ആര്‍എസ്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പ്രഫ. ടിജെ ചന്ദ്രചൂഢന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it