Kollam Local

ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധ സഖ്യം: എന്‍ കെ പ്രേമചന്ദ്രന്‍



കൊല്ലം: ബിജെപിയും സിപിഎമ്മും തമ്മില്‍ അവിശുദ്ധവും അലിഖിതവും അപ്രഖ്യാപിതവുമായ സഖ്യം കേരളത്തില്‍ ഉണ്ടെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി പറഞ്ഞു. യുഡിഎഫിന്റെ രാപ്പകല്‍ സമരം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അണികളെ കൊലയ്ക്കുകൊടുത്ത് രക്തസാക്ഷിത്വത്തിന്റെ പേരില്‍ പോരടിക്കുന്ന ബിജെപി, സിപിഎം നേതാക്കളുടെ രഹസ്യയോഗങ്ങളും പരസ്യവിരുന്നുകളും ഇതിനു ദൃഷ്ടാന്തമാണ്. ബിജെപി, സിപിഎം ഉന്നത നേതാക്കള്‍ നിരന്തരമായി നടത്തുന്ന രഹസ്യ യോഗങ്ങളിലെ അജണ്ടയും തീരുമാനങ്ങളും പൊതുസമൂഹത്തില്‍ നിന്നും അണികളില്‍ നിന്നും മറച്ചുവയ്ക്കുന്നത് ആരുടെ താല്‍പ്പര്യ സംരക്ഷണ—ത്തിനാണെന്ന് വെളിപ്പെടുത്തണം. ഭൂരിപക്ഷ, ന്യൂനപക്ഷ വര്‍ഗ്ഗീയത സംസ്ഥാനത്ത് വളര്‍ത്തിയെടുത്ത് അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാന്‍ ഇരുകക്ഷികളും ചേര്‍ന്ന് നടത്തുന്ന അടവുനയം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിയും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചുവിടുന്നതിനാണ് തെരുവിലും മാധ്യമങ്ങളിലൂടെയും കൊലവിളി മുഴക്കി യുദ്ധസമാനമായ അന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കുന്നത്. ജനവിരുദ്ധ നയപരിപാടികള്‍ നടപ്പിലാക്കുന്നതിന് പരസ്പര സഹായികളായി പ്രവര്‍ത്തിക്കുന്ന നയസമീപനമാണ് കേന്ദ്രത്തിനും സംസ്ഥാനത്തിനും. വര്‍ധിച്ചു വരുന്ന ജനരോക്ഷത്തെ തുടര്‍ന്ന് ഇന്ധനത്തിന്മേല്‍ ചുമത്തിയിരുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ നാമമാത്രമായ കുറവ് വരുത്തുവാന്‍ കേന്ദ്രം നിര്‍ബന്ധിതമായപ്പോള്‍ പോലും ഇന്ധനത്തിന്മേല്‍ ചുമത്തിയിട്ടുള്ള ചുങ്കം കുറയ്ക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ യുഡിഎഫ് ചെയര്‍മാന്‍ കെ സി രാജന്‍ അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി ഷിബു ബേബിജോണ്‍, ഡിസിസി പ്രസിഡന്റ് ബിന്ദുകൃഷ്ണ, മുന്‍ എംഎല്‍എ യൂനുസ്‌കുഞ്ഞ്, മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം അന്‍സറുദ്ദീന്‍, ആര്‍എസ്പി ജില്ലാ സെക്രട്ടറി ഫിലിപ് കെ തോമസ്, ചിതറ മുരളി, ശൂരനാട് രാജശേഖരന്‍, പ്രതാപവര്‍മ്മ തമ്പാന്‍, ഭാരതീപുരം ശശി,  തൊടിയില്‍ ലുക്മാന്‍, ബിന്ദു ജയന്‍, വാക്കനാട് രാധാകൃഷ്ണന്‍, സി എസ്  മോഹന്‍കുമാര്‍, ഷാനവാസ് ഖാന്‍, ബ്രഹ്മാനന്ദന്‍, ഹിദര്‍ മുഹമ്മദ്, പുനലൂര്‍ മധു, ടി സി വിജയന്‍, ശ്രീധരന്‍പിള്ള, എഴുകോണ്‍ സത്യന്‍, പി ആര്‍. പ്രതാപന്‍, മേരിദാസന്‍, രതികുമാര്‍, എം എം നസീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it