ബിജെപിയിലേക്കു തനിക്ക് ക്ഷണമുണ്ടായിരുന്നു: കെ സുധാകരന്‍

കണ്ണൂര്‍: ബിജെപിയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും അമിത് ഷായുടെ ദൂതന്‍മാര്‍ രണ്ടു തവണ തന്നെവന്നു കണ്ടിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണു കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കൂടിയായ സുധാകരന്റെ വെളിപ്പെടുത്തല്‍. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കെ സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ ചെന്നൈയില്‍ രഹസ്യ ചര്‍ച്ച നടത്തിയിരുന്നുവെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
എന്നാല്‍ ആരോപണം പച്ചക്കള്ളമാണെന്നു പറഞ്ഞു തള്ളിയ കെ സുധാകരന്‍ ഇപ്പോള്‍ പലതും തുറന്നു സമ്മതിക്കുകയാണ്. അമിത് ഷായുമായും ചെന്നൈയിലെ രാജയുമായും കൂടിക്കാഴ്ചയ്ക്കായിരുന്നു തന്നെ ദൂതന്‍മാര്‍ ക്ഷണിച്ചത്. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടു വ്യക്തമാക്കിയതോടെ പിന്നീടവര്‍ സമീപിച്ചിട്ടില്ല. കോണ്‍ഗ്രസ് വിട്ടാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.
ശുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെ സുധാകരന്‍ നടത്തിയ നിരാഹാര സമരത്തില്‍ ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘപരിവാര നേതാക്കള്‍ ഐക്യദാര്‍ഢ്യവുമായി എത്തിയിരുന്നു. ഇത് സുധാകരന്റെ ബിജെപിയിലേക്കുള്ള ചുവടുമാറ്റത്തിന്റെ ഭാഗമാണെന്നു സിപിഎം ആരോപിച്ചിരുന്നു. നേരത്തെ കേരളത്തിലെ നാലു പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ബിജെപിയിലേക്കു ചേക്കേറുന്നുവെന്നു ചില മാധ്യമങ്ങളില്‍ വാര്‍ത്തകളുണ്ടായിരുന്നു. വി ഡി സതീശന്‍, ശശി തരൂര്‍ എംപി, വി എസ് ശിവകുമാര്‍ എംഎല്‍എ, കെ സുധാകരന്‍ എന്നിവരുടെ പേരുകളാണ് അന്ന് ഉയര്‍ന്നിരുന്നത്.
കെ ബി ഗണേഷ് കുമാറിന്റെ പേരും കേട്ടിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പ്  ഇവരെ പാര്‍ട്ടിയിലെത്തിക്കാനാണു ബിജെപി ശ്രമിച്ചിരുന്നത്. വാര്‍ത്തകള്‍ പ്രചരിച്ചതോടെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍ നല്‍കിയ വിശദീകരണവും അവ്യക്തതയ്ക്കിടയാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ പ്രതാപം നഷ്ടപ്പെട്ട സുധാകരന്‍ ശുഹൈബ് വധക്കേസിലൂടെ ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ നടത്തിയ വെളിപ്പെടുത്തല്‍ ഏറെ ചര്‍ച്ചകള്‍ക്കിടയാക്കും.
Next Story

RELATED STORIES

Share it