Second edit

ബിജെപിയിലെ പട്ടികജാതിക്കാര്‍

ബിജെപിയിലെ  പട്ടികജാതിക്കാര്‍
X
slug-enikku-thonnunnathuകെ കെ പരമേശ്വരന്‍, ആറങ്ങോട്ടുകര

കേരളത്തില്‍ പട്ടികജാതി-വര്‍ഗക്കാരിലെ പല ജാതിസംഘടനകളും ബിജെപിയില്‍ ചേര്‍ന്നുകൊണ്ടിരിക്കുകയാണല്ലോ. ബിജെപി എന്നത് മേല്‍ജാതിക്കാര്‍ മാത്രം നയിക്കുന്ന ഒരു സംഘമാണ്. ഈ സംഘത്തിനുള്ളില്‍ പട്ടികജാതിക്കാരന് ഇടമില്ല. അവനിപ്പോഴും പടിക്കു പുറത്തുതന്നെ. അവര്‍ക്കായിട്ടാണ് ദലിത് മോര്‍ച്ച എന്ന പേരില്‍ ഇലയിട്ടിരിക്കുന്നത്.
പണ്ട് എങ്ങനെയാണോ മേല്‍ജാതിക്കാരന്റെ ആട്ടും തുപ്പും മര്‍ദ്ദനവുമേറ്റ് പട്ടികജാതിക്കാരുടെ പൂര്‍വികര്‍ ജീവിച്ചുവന്നത് അതു നിലനിര്‍ത്തുക എന്നതുതന്നെയാണ് ബിജെപി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ ഇന്നും പട്ടികജാതിക്കാരന് വഴിനടക്കാനോ അമ്പലത്തില്‍ കയറാനോ വിദ്യാഭ്യാസം നേടാനോ കഴിയാത്ത പല പ്രദേശങ്ങളുമുണ്ട്. മേല്‍ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിന്റെ പേരിലും അമ്പലത്തില്‍ കയറിയതിന്റെ പേരിലും പട്ടികജാതിക്കാരനെ തല്ലിക്കൊല്ലുന്നത് ഉത്തരേന്ത്യയില്‍ നിത്യസംഭവമാണ്.
താഴ്ന്നജാതിക്കാരെ വിദ്യാഭ്യാസത്തില്‍നിന്നും അധികാരത്തില്‍നിന്നും എന്നും അകറ്റിനിര്‍ത്തിയിട്ടുള്ളത് മുസ്‌ലിമോ ക്രിസ്ത്യാനിയോ അല്ല. മറിച്ച് മേല്‍ജാതിക്കാരാണ്. അംബേദ്കര്‍ ജീവിച്ചിരുന്നപ്പോഴും അദ്ദേഹം മരിച്ചശേഷവും അദ്ദേഹത്തെ അവഹേളിക്കുന്നത് അവരാണ്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാരണം, മേല്‍ജാതിക്കാരന്റെ താന്‍പോരിമയ്‌ക്കെതിരേ നിയമങ്ങള്‍ നിര്‍മിച്ചത് അംബേദ്കറാണ്. ഹിന്ദു കോഡ് ബില്ല് അദ്ദേഹം കൊണ്ടുവന്നപ്പോള്‍ ശത്രുത തീരാപ്പകയായി. കേരളത്തിലാവട്ടെ പൊതുനിരത്തിലൂടെ സഞ്ചരിക്കാനായി 1898ല്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ വെങ്ങാനൂരില്‍നിന്നു ബാലരാമപുരം ആറാലുംമൂട് പുത്തന്‍കട ചന്തയിലേക്ക് നടത്തിയ പദയാത്രയെ നേരിട്ടത് മേല്‍ജാതിക്കാരാണ്.
1904ല്‍ അയ്യങ്കാളിയുടെ ജന്മദേശമായ വെങ്ങാനൂരില്‍ ഒരു കുടിപ്പള്ളിക്കൂടം സ്ഥാപിക്കുകയുണ്ടായി. പട്ടികജാതിക്കാര്‍ക്ക് അക്ഷരാഭ്യാസം നടത്താനുള്ളതായിരുന്നു ഇത്. എന്നാല്‍, ഈ സ്‌കൂള്‍ സ്ഥാപിച്ച അന്നുതന്നെ മേല്‍ജാതിക്കാര്‍ ആ സ്‌കൂളിനു തീവയ്ക്കുകയാണു ചെയ്തത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പട്ടികജാതിക്കാര്‍ പട്ടികളേക്കാളും മോശമായ ജീവിതമാണ് ഇപ്പോഴും നയിച്ചുകൊണ്ടിരിക്കുന്നത്.
ഗുജറാത്തിലെ മേല്‍ജാതിക്കാരായ പട്ടേല്‍മാരും ഹരിയാനയിലെ ജാട്ടുകളും കേരളത്തിലെ എന്‍എസ്എസും പട്ടികജാതി സംവരണത്തെ അട്ടിമറിക്കാനുള്ള നീക്കത്തിലാണ്. സംവരണം സാമ്പത്തികാടിസ്ഥാനത്തില്‍ വേണമെന്ന ആവശ്യം മുന്‍നിര്‍ത്തിയാണ് ഗുജറാത്തില്‍ പട്ടേല്‍ വിഭാഗം തെരുവിലിറങ്ങിയത്. ഹരിയാനയില്‍ ജാട്ടുകള്‍ ഈയിടെ നടത്തിയ അക്രമാസക്തമായ സമരത്തിന്റെ ലക്ഷ്യവും അതായിരുന്നു.
ചുരുക്കത്തില്‍ ഒരുഭാഗത്ത് മേല്‍ജാതിക്കാര്‍ കൈക്കരുത്തുകൊണ്ട് കാര്യങ്ങള്‍ നേടിയെടുക്കുന്നു. മറുഭാഗത്താവട്ടെ കീഴ്ജാതിക്കാര്‍ തങ്ങളുടെ അവകാശങ്ങള്‍ക്കായി ഇന്നും കൈനീട്ടി ഇരക്കുന്നു. ബിജെപിയില്‍ ചേക്കേറുന്ന പട്ടികജാതിക്കാരനെ ഈ ഒറ്റക്കാരണംകൊണ്ടുതന്നെ മേല്‍ജാതിക്കാര്‍ക്ക് വരുതിയില്‍ നിര്‍ത്താനാവും. കാരണം, പട്ടികജാതിക്കാരിലെ ഏതാനുംപേരാണ് ചാവേറുകളായി ബിജെപിയിലേക്ക് ചെല്ലുന്നത്. ഇവര്‍ക്ക് മേല്‍ജാതിക്കാരനുമേല്‍ ഒരു സമ്മര്‍ദ്ദവും ചെലുത്താനാവില്ല. സംഘപരിവാര നേതൃത്വത്തില്‍ എത്ര ദലിതരുണ്ടെന്നു പരിശോധിച്ചാല്‍ തന്നെ ഈ കളിയിലെ കള്ളത്തരം വ്യക്തമാവും. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും പെട്ട് ഉഴലുന്ന പട്ടികജാതിക്കാരായ ബിജെപിക്കാരാവട്ടെ ഇതാണ് വേദവാക്യമെന്നും ഇത് തന്റെ വിധിയാണെന്നും കരുതുന്നു. അത് ഇനിയെങ്കിലും തിരിച്ചറിയപ്പെടാത്തപക്ഷം ബിജെപിയിലേക്ക് പോവുന്ന പട്ടികജാതിക്കാര്‍ തങ്ങളുടെ വരുംതലമുറയെക്കൂടി കുരുതികൊടുക്കുകയാണു ചെയ്യുന്നത്. മഹാനായ അംബേദ്കര്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ആദ്യം ശബ്ദമുയര്‍ത്തുക ഇത്തരം നീക്കങ്ങള്‍ക്കെതിരായിട്ടായിരിക്കും.
Next Story

RELATED STORIES

Share it