ബിജെപിക്ക് മികച്ച വിജയം

ന്യൂഡല്‍ഹി: അസമില്‍ ബിജെപിക്ക് മികച്ച വിജയം. ആകെയുള്ള 126 സീറ്റുകളില്‍ 86 സീറ്റു നേടി ബിജെപി സഖ്യം കോണ്‍ഗ്രസ്സില്‍ നിന്ന് അധികാരം പിടിച്ചെടുത്തു. 15 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് 24 സീറ്റുകളിലൊതുങ്ങി. എയുഡിഎഫ് 14 സീറ്റുകള്‍ നേടി. രണ്ടു സീറ്റില്‍ സ്വതന്ത്രനും ജയിച്ചു.
അസമിന്റെ നാലു മേഖലകളും ബിജെപിക്കൊപ്പം നിന്നു. മധ്യ അസം, അപ്പര്‍ അസം എന്നിവിടങ്ങളില്‍ 25 സീറ്റുകള്‍ വീതം നേടിയ ബിജെപി ലോവര്‍ അസമില്‍ 24 സീറ്റും കുന്നിന്‍ മേഖലയില്‍ 12 സീറ്റും നേടി. വടക്കുകിഴക്കന്‍ മേഖലയില്‍ ബിജെപി അധികാരം നേടുന്ന ആദ്യ സംസ്ഥാനമാണിത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ സര്‍ബാനന്ദ സോനോവാള്‍ ഇവിടെ മുഖ്യമന്ത്രിയാവും.
അസം ഗണപരിഷത്ത്, ബോഡോ പീപ്പിള്‍സ് ഫ്രണ്ട് തുടങ്ങിയ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കിയും റബ്ബാ, തിവ വിഭാഗങ്ങളുടെ പിന്തുണ നേടിയുമാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റത്തെ സംസ്ഥാനത്തിന്റെ മുഖ്യപ്രശ്‌നമായി ഉയര്‍ത്തിയ ബിജെപിക്ക് സംസ്ഥാനത്ത് മുസ്‌ലിമേതര വിഭാഗങ്ങളുടെ പിന്തുണ നേടിയെടുക്കാനായി.
പരമ്പരാഗതമായി കോണ്‍ഗ്രസ്സിനെ പിന്തുണച്ചിരുന്ന തേയില മേഖലയിലെ തൊഴിലാളികളും ഇത്തവണ ബിജെപിക്കൊപ്പമായിരുന്നു. ബിജെപി സ്വന്തമായി 61 സീറ്റുകളും അസം ഗണപരിഷത്ത് 14 സീറ്റും ബോഡോ പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റും നേടി. ആര്‍ജെഡി, ജെഡിയു കക്ഷികള്‍ ഇവിടെ മല്‍സരിച്ചിരുന്നെങ്കിലും സീറ്റൊന്നും കിട്ടിയില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 78 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് അഞ്ചു സീറ്റുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അസംഗണപരിഷത്ത് 10 സീറ്റും ബോഡോ പീപ്പിള്‍സ് ഫ്രണ്ട് 12 സീറ്റും നേടിയിരുന്നു. 18 സീറ്റുകള്‍ നേടിയിരുന്ന എയുഡിഎഫിന് ഇത്തവണ നാലു സീറ്റുകള്‍ കുറഞ്ഞു. ബിജെപിക്ക് 55 സീറ്റുകളുടെ വര്‍ധനയുണ്ടായപ്പോള്‍ കോണ്‍ഗ്രസ്സിന് 54 സീറ്റിന്റെ കുറവുണ്ടായി. പ്രഫുല്‍ കുമാര്‍ മഹന്ദ, അതുല്‍ ബോറ തുടങ്ങിയ അസംഗണപരിഷത്ത് നേതാക്കള്‍ വിജയിച്ചപ്പോള്‍ എയുഡിഎഫ് നേതാവ് ബദറുദ്ദീന്‍ അജ്മല്‍ സല്‍മാറ സൗത്ത് മണ്ഡലത്തില്‍ തോറ്റു. സര്‍ബാനന്ദ സോനാവാള്‍ മജൂലിയിലും സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി തരുണ്‍ഗോഗോയ് ടിറ്റാബറിലും വിജയിച്ചു.
അസമിലെ തിരഞ്ഞെടുപ്പ് വിജയം ചരിത്രപ്രധാനവും അദ്ഭുതകരവുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it